ചോര്‍ന്ന വിവരങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഫേസ്ബുക്ക്

By Web Team  |  First Published Oct 14, 2018, 9:09 AM IST

വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്‍റെ മറുപടി


സന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞ മാസമാണ് ഫേസ്ബുക്ക് ഹാക്കിങ്ങ് ചെയ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച്ചയാണ് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്. ഹാക്കിങ്ങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഇതില്‍ 2.9 കോടിയാളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ എല്ലാം ചോര്‍ന്നതായാണ് പുറത്ത് വരുന്ന വിവരം.

വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ മറുപടി. ശേഖരിച്ച വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പലതും സാധ്യമാണ്. വിവരങ്ങള്‍ പരിശോധിച്ച് ആളുകളുടെ താല്‍പര്യങ്ങളും മറ്റും കണക്ക് കൂട്ടി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കെതിരെ വിവിധ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ഈ വിവരങ്ങള്‍ കൊണ്ട് സാധിക്കും.

Latest Videos

undefined

ഫേസ്ബുക്ക് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഹാക്ക് ചെയ്യപ്പെട്ട് അക്കൗണ്ടുകളുടെ യൂസര്‍നെയിം, ലിംഗഭേദം, ഭാഷ. വൈവാഹിക അവസ്ഥ, മതം, സ്വദേശം, നിലവില്‍ താമസിക്കുന്ന സ്ഥലം, ജനന തീയതി, ഫേസ്ബുക്കില്‍ കയറാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഏതെല്ലാം, വിദ്യാഭ്യാസം, ജോലി, ടാഗ് ചെയ്തിട്ടുള്ള സ്ഥലങ്ങള്‍, ലൈക്ക് ചെയ്തിട്ടുള്ള സ്ഥലങ്ങള്‍, ആളുകള്‍, പേജുകള്‍, ഫേസ്ബുക്കില്‍ തിരഞ്ഞ ഏറ്റവും പുതിയ 15 കാര്യങ്ങള്‍ ഇവയെല്ലാം ഹാക്കര്‍മാരുടെ കൈവശമുണ്ട്.

സാധാരണ വിവരങ്ങള്‍ ചോര്‍ന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കാറുണ്ട്. എന്നാല്‍ ഫേസ്ബുക്ക് തികച്ചും വ്യത്യസ്ഥമായ നിലപാടാണ് ഈ കാര്യത്തില്‍ എടുത്തിരിക്കുന്നത്. പ്ലേസ്‌റ്റേഷന്‍ നെറ്റ് വര്‍ക്ക്, ക്രെഡിറ്റ് മോണിറ്ററിങ്ങ് ഏജന്‍സിയായ ഇക്വിഫാക്‌സ് പോലുള്ളവ ഇത്തരം സുരക്ഷാ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍ ഇങ്ങനെ ഒരു സംരക്ഷണം നല്‍കാന്‍ നിലവില്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്. പകരം ഫേസ്ബുക്കിന്റെ ഹെല്‍പ്പ് സെക്ഷന്‍ ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ഫേസ്ബുക്ക് നല്‍കുന്നത്.

click me!