ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് 6200 കോടി മൂല്യത്തിലേക്ക് വളര്‍ന്ന കമ്പനി; ഡൺസോയില്‍ കൂട്ടപ്പിരിച്ചുവിടല്‍

By Web Team  |  First Published Sep 4, 2024, 10:51 AM IST

വാട്‌സ്ആപ്പ് ഗ്രൂപ്പായി തുടങ്ങിയ കമ്പനിയാണ് പിന്നീട് ഗൂഗിളിന്‍റെയടക്കം നിക്ഷേപം ആര്‍ജിച്ച് വളര്‍ന്ന ഡൺസോ എന്ന ആപ്ലിക്കേഷന്‍ 


ബെംഗളൂരു: ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ വാട്‌സ്ആപ്പ് ഒരു മെസേജിംഗ് ആപ്ലിക്കേഷന്‍ എന്ന കാഴ്‌ചപ്പാടിന് അപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു. ഇതിനൊരു ക്ലാസിക് ഉദാഹരണമായിരുന്ന ഇന്ത്യന്‍ കമ്പനി ഇപ്പോള്‍ സാമ്പത്തിക പരാധീനത കാരണം വലയുകയാണ്. ഗ്രോസറി വിതരണ ആപ്പായ ഡൺസോ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്. 

പലചരക്ക് സാധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനായി ആരംഭിച്ച ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പാണ് പിന്‍കാലത്ത് വലിയ വളര്‍ച്ച രേഖപ്പെടുത്തിയ സ്റ്റാര്‍ട്ട്ആപ്പുകളിലൊന്നായി വളര്‍ന്ന ഡൺസോ (Dunzo). 6,200 കോടി രൂപയായിരുന്നു കമ്പനിയുടെ മൂല്യം. പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെല്ലാം ഡൺസോയുടെ സേവനം ലഭ്യമാണ്. എന്നാല്‍ സാമ്പത്തിക പിരിമുറുക്കം കാരണം 150 ജീവനക്കാരെ പിരിച്ചുവിട്ട് ഡൺസോ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുകയാണ്. വെറും 50 ജീവനക്കാര്‍ മാത്രമേ പ്രധാനമായി കമ്പനിയില്‍ അവശേഷിക്കുന്നുള്ളൂ. സാമ്പത്തിക ബാധ്യത കൂടിയതോടെ വലിയ ശമ്പള കുടിശികയാണ് ഈ കമ്പനിക്കുള്ളതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Latest Videos

2014ല്‍ കബീര്‍ ബിശ്വാസ്, അന്‍കുര്‍ അഗര്‍വാള്‍, ഡല്‍വീര്‍ സൂരി, മുകുന്ദ് ഝാ എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരുവിലാണ് ഡൺസോ സ്ഥാപിച്ചത്. ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അയക്കാനാവുന്ന സംവിധാനമായായിരുന്നു ഇതിന്‍റെ തുടക്കം. ഇതിന് ശേഷം സ്വന്തം ആപ്ലിക്കേഷനും വന്നു. ബ്ലിങ്കിറ്റും സ്വിഗ്ഗിയും വ്യാപകമാകും മുമ്പേ ഡൺസോ ഇന്ത്യന്‍ നഗരങ്ങളില്‍ വലിയ പ്രചാരം നേടി. ബെംഗളൂരുവിന് പുറമെ ദില്ലി, ഗുരുഗ്രാം, പൂനെ, ചെന്നൈ, ജയ്‌പൂര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഡൺസോയുടെ സേവനം ലഭ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുടെ സപ്ലൈയായിരുന്നു പ്രധാനമായും ഡൺസോയിലുണ്ടായിരുന്നത്. ബൈക്ക് ടാക്‌സി സര്‍വീസും കമ്പനിക്കുണ്ട്.

ഡൺസോയുടെ വളര്‍ച്ച കണ്ട് മുകേഷ് അംബാനിയുടെ റിലയന്‍സ് റീടെയ്‌ല്‍ 1,600 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതോടെയാണ് ഡൺസോയുടെ മൂല്യം 6,200 കോടി രൂപയിലേക്ക് ഉയര്‍ന്നത്. ഗൂഗിളില്‍ നിന്നടക്കമുള്ള നിക്ഷേപങ്ങളും ലഭ്യമായി. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷം 1,800 കോടി രൂപയുടെ നഷ്‌ടം ഡൺസോ നേരിട്ടു. ഇതോടെ ജീവനക്കാരുടെ ശമ്പളം പലകുറി മുടങ്ങുകയായിരുന്നു. 

Read more: 4ജി വ്യാപനം വേഗത്തിലാക്കാന്‍ ബിഎസ്എന്‍എല്ലിന് വീണ്ടും കൈത്താങ്ങ്; കേന്ദ്രം 6000 കോടി രൂപ കൂടി നല്‍കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!