ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറണം; എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ കമ്പനികളോട് കേന്ദ്രം

എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ എന്നിവയോട് ചൈനീസ് ഉപകരണങ്ങള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങൾ തേടി കേന്ദ്രം

DoT asks Airtel Jio Vi BSNL to submit Chinese equipment details in networks

ദില്ലി: എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ടെലികോം കമ്പനികളോട് അവരുടെ നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്ന എല്ലാ ചൈനീസ് ഉപകരണങ്ങളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും യുഎസ്-ചൈന താരിഫ് യുദ്ധത്തിൽ നിന്നും ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് ഈ നീക്കം. ടെലികോം, ബഹിരാകാശ മേഖലകളിൽ ചൈനീസ് നിർമ്മിത ഉപകരണങ്ങളുടെ സാന്നിധ്യവും ഉപയോഗവും നിരീക്ഷിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ടുകൾ. 

ഇന്ത്യയിലെ 5ജി വിതരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളായ വാവെയ്, ഇസഡ്ടിഇ എന്നിവയെ നിലവിൽ വിലക്കിയിട്ടുണ്ട്. പക്ഷേ അവരുടെ പല ഉപകരണങ്ങളും ഇപ്പോഴും 2ജി, 3ജി, 4ജി നെറ്റ്‌വർക്കുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ബിഎസ്എൻഎൽ, എയർടെൽ, വി എന്നിവയുടെ വയർലെസ്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളിൽ ഈ കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അറ്റകുറ്റപ്പണി കരാറുകൾക്കായി ഈ ടെലികോം സ്ഥാപനങ്ങൾ ചൈനീസ് വെണ്ടർമാർക്ക് പ്രതിവർഷം വലിയ തുക നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വാവെയ് മാത്രം പ്രതിവർഷം ഏകദേശം 600 കോടി രൂപ വരുമാനം ഇതുവഴി നേടുന്നുണ്ട് എന്നാണ് കണക്കുകൾ. നിലവിലെ ടെലികോം നയങ്ങൾ അനുസരിച്ച്, നിലവിലുള്ള ഉപകരണങ്ങളുടെ മെയിന്‍റനന്‍സിനും മാറ്റിസ്ഥാപിക്കലിനും മാത്രമേ ചൈനീസ് കമ്പനികൾക്ക് അനുവാദമുള്ളൂ. പുതിയ നിയമങ്ങൾ പ്രകാരം നെറ്റ്‌വർക്ക് വിപുലീകരണത്തിനോ പുതിയ അടിസ്ഥാന സൗകര്യങ്ങൾക്കോ വേണ്ടിയുള്ള പുതിയ കരാറുകൾ അവർക്ക് നൽകില്ല.

Latest Videos

ഉപകരണ ട്രാക്കിംഗിന് പുറമേ 2ജി, 3ജി കാലഘട്ടത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത പഴയ സിം കാർഡുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ടെലികോം കമ്പനികൾക്ക് ടെലികോം വകുപ്പ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ സിം കാർഡുകൾ പ്രധാനമായും ചൈനീസ് കമ്പനികളിൽ നിന്നാണ് വാങ്ങിയത്. എങ്കിലും 4ജി, 5ജി എന്നിവയുടെ വ്യാപനത്തോടെ സിം കാർഡുകൾ നിർമ്മാണം ഇന്ത്യയ്ക്കുള്ളിൽ തന്നെയാണ് ഇപ്പോൾ നടക്കുന്നത്.

ടെലികോം സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും വർധിച്ചുവരുന്ന ജാഗ്രതയാണ് പുതിയ നടപടിയിൽ പ്രതിഫലിക്കുന്നത് എന്നാണ് അനുമാനം. ഭീഷണികളിൽ നിന്ന് ഇന്ത്യയുടെ ഡിജിറ്റൽ, ആശയവിനിമയ ശൃംഖലകളെ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്. 

Read more: കോള്‍, ഡാറ്റ സൗജന്യം; സ്വകാര്യ ടെലികോം ഭീമന്മാരെ ഞെട്ടിച്ച് ബിഎസ്എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!