ട്രംപിന് ശനിദശ, കൊട്ടിഘോഷിച്ച് തുടങ്ങിയ ബ്ലോഗും പൂട്ടി

By Web Team  |  First Published Jun 4, 2021, 7:33 PM IST

മുന്‍ അനുയായികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെ പ്രതികരണത്തിനു കാര്യമായ ചൂട് കുറവായിരുന്നു. തുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ വെബ്‌സൈറ്റില്‍ നിന്നും ഇതു നീക്കംചെയ്തിട്ടുണ്ട്. 



സമൂഹമാധ്യമങ്ങളില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശനിദശ തുടരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിന്നും വരെ തിരിച്ചടികിട്ടിയ ട്രംപിന് ഇപ്പോള്‍ ബ്ലോഗ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ ബ്ലോഗ് മാറ്റി. അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ഇതു നീക്കംചെയ്തിട്ടുണ്ട്. ജനുവരി ആറിന് നടന്ന ക്യാപിറ്റല്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ട്രംപിനെ വിലക്കിയിരുന്നു. ട്രംപിനെ നിരോധിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം കൂടുതല്‍ അക്രമത്തിന് കാരണമാകുമെന്ന് ആശങ്കപ്പെട്ടിരുന്നു.

ട്രംപിന്റെ മുതിര്‍ന്ന സഹായി ജേസണ്‍ മില്ലര്‍ തന്റെ നിലവിലെ ബ്ലോഗ് ഷട്ട്ഡൗണ്‍ ചെയ്യുന്നത് ഒരു പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ചേരുന്നതിന് മുന്നോടിയാണെന്നാണ് അഭിപ്രായപ്പെട്ടത്. ട്രംപിന് ജനുവരിയില്‍ നിരോധനത്തിന് മുമ്പായി ട്വിറ്റര്‍, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് എന്നിവയില്‍ ദശലക്ഷക്കണക്കിന് അനുയായികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്‍ അനുയായികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെ പ്രതികരണത്തിനു കാര്യമായ ചൂട് കുറവായിരുന്നു. എങ്കിലും യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വര്‍ത്തമാനങ്ങള്‍ എന്ന നിലയ്ക്ക് അതിനു കാര്യമായ പ്രസക്തിയുണ്ടായിരുന്നു താനും.

Latest Videos

undefined

ഔദ്യോഗിക പദവിയില്‍ നിന്നുള്ള ഏറ്റവും പുതിയ പ്രസ്താവനകളും ഹൈലൈറ്റുകളും കണ്ടെത്താനുള്ള ഒരു വിഭവമാകും ബ്ലോഗ് എന്ന് ഇതിന്റെ ലോഞ്ച് സമയത്ത് മില്ലര്‍ കുറിച്ചിരുന്നു, പക്ഷേ അത് ഒരു പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയിരുന്നില്ല. ട്രംപിന്റെ വെബ്‌സൈറ്റിന്റെ ഉപവിഭാഗമായിരുന്നു ഈ പ്ലാറ്റ്‌ഫോം, ട്രംപിന്റെ ഒരു വീഡിയോയും ഡെമോക്രാറ്റുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളും ഇതിലുണ്ടായിരുന്നു. നിശബ്ദതയുടെയും നുണകളുടെയും കാലഘട്ടത്തില്‍, സ്വാതന്ത്ര്യത്തിന്റെ ഒരു ദീപം ഉയര്‍ന്നുവരുന്നു. സ്വതന്ത്രമായും സുരക്ഷിതമായും സംസാരിക്കാനുള്ള ഒരിടം എന്നായിരുന്നു ആ വീഡിയോയില്‍ ട്രംപ് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം, യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ്, തിരഞ്ഞെടുപ്പ് ബാലറ്റ് സമ്പ്രദായത്തില്‍ പിഴവുണ്ടെന്ന് ട്രംപിന്റെ ഒന്നിലധികം ട്വീറ്റുകളെ തുടര്‍ന്നു ജനുവരി 8 ന് ട്വിറ്റര്‍ സ്ഥിരമായി അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. അക്കാലത്ത് അദ്ദേഹത്തിന് 88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉണ്ടായിരുന്നത്. ദശലക്ഷക്കണക്കിന് അനുയായികളുണ്ടായിരുന്ന സ്‌നാപ്ചാറ്റ്, യൂട്യൂബ്, ട്വിച് എന്നിവയും അദ്ദേഹത്തിന്റെ അക്കൗണ്ട് നിരോധിക്കുകയോ അനിശ്ചിതമായി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തു. ജനുവരി ആറിന് ശേഷമുള്ള കലാപത്തിന് ശേഷമുള്ള അധിക അക്രമ സാധ്യതകള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്രംപിനെ രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അനിശ്ചിതമായി സസ്‌പെന്‍ഡ് ചെയ്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!