ചെന്നൈ: വിമാനത്തിൽ സാംസങ്ങ് നോട്ട് 2 സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു. സിംഗപ്പൂരിൽനിന്നു ചെന്നൈയിലേക്കു വന്ന 6ഇ-054 ഇൻഡിഗോ വിമാനത്തിലാണ് ഇന്നു രാവിലെ ഫോണ്‍ പൊട്ടിത്തെറിച്ചത്. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം.
വിമാനത്തിലെ ഓവർഹെഡ് ലഗേജ് ബോക്‌സിലാണ് ഫോൺ ഉണ്ടായിരുന്നത്. ലഗേജ് ബോക്‌സിൽനിന്നു പുക വരുന്നതു കണ്ട് കാബിൻ ക്രൂ തുറന്നു നോക്കിയപ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ചു കരിഞ്ഞതായി കണ്ടെത്തിയത്. ഉടൻതന്നെ അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ചു.
undefined
സാംസങ്ങ് ഗാലക്‌സി നോട്ട് സെവൻ ഫോണുകൾ വ്യാപകമായി തീപിടിക്കുന്നത് അടുത്തകാലത്ത് വാർത്തയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഗാലക്‌സി സെവൻ ഫോണുകൾ വിമാനയാത്രയിൽ കൊണ്ടുപോകുന്നത് ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾവിലക്കിയിരുന്നു. നോട്ട് ഫോണുകൾ കൊണ്ടുപോകണമെന്നു നിർബന്ധമുള്ളവർ ഫോൺ ഓഫ് ചെയ്തു ബാറ്ററി മാറ്റിയ ശേഷം യാത്ര ചെയ്യണമെന്നാണു നിർദേശത്തിൽ പറയുന്നത്.
ഫോൺ പൊട്ടിത്തെറിച്ച സാഹചര്യത്തിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ മുൻ കരുതലെടുക്കണമെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് ആവശ്യപ്പെട്ടിരുന്നു. പുക ഉയർന്ന ഫോൺ ഉടൻ തന്നെ ലഗേജ് ബോക്‌സിൽനിന്നു മാറ്റി വെള്ളം നിറച്ച ബക്കറ്റിലാക്കി ടോയ്‌ലെറ്റിലേക്കു മാറ്റുകയും ചെയ്തു.
ഫോൺ പൊട്ടിത്തെറിച്ച സാഹചര്യത്തിൽ സാംസങ്ങ് അധികൃതരോടു തിങ്കളാഴ്ച ഹാജരാകാൻ ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോൺ പരിശോധിക്കാതെ കാരണമെന്താണെന്നു പറയാനാകില്ലെന്നു സാംസങ്ങ് പ്രതിനിധി അറിയിച്ചു.