ദില്ലി: ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ നിന്നും സാധനം വാങ്ങുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവമാണ് ദില്ലി സ്വദേശിക്ക് ഉണ്ടായത്. ആമസോണ്‍ വഴി ഒരു മൊബൈല്‍ വാങ്ങിയപ്പോഴാണ് ദില്ലിക്കാരന്‍ ചിരാഗ് ധവാന് പണികിട്ടിയത്. സെപ്റ്റംബര്‍ 7 നു ആമസോണ്‍ വഴി ഒരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതായിരുന്നു ഇയാള്‍. അങ്ങനെ സെപ്റ്റംബര്‍ 11നു സാധനം കയ്യില്‍ കിട്ടി.
എന്നാല്‍ പെട്ടി പൊളിച്ചു നോക്കിയ അയാള്‍ ആകെ അന്തംവിടുകയായിരുന്നു. ഫോണിന് പകരം അലക്കു സോപ്പിന്‍റെ മൂന്ന് പാക്കറ്റാണ് ലഭിച്ചത്.'അങ്ങനെ ജോലി കഴിഞ്ഞു വൈകുന്നേരം ഒരു ഒമ്പതു മണിയോടെ വീട്ടിലെത്തി പെട്ടി തുറന്ന ഞാന്‍ ഞെട്ടിപ്പോയി.. ഫോണിന് പകരം പെട്ടിയിലതാ മൂന്നു 'ഫെന്ന ഡിറ്റര്‍ജന്റ്' സോപ്പുകള്‍ അവര്‍ അയച്ചിരിക്കുന്നു' എന്നിങ്ങനെ ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.
ചിരാഗ് സെപ്റ്റംബര്‍ 11 നു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 30,000നു മേലെ ലൈക്കുകളും 2600നു മേലെ ഷെയറുകളും ഈ പോസ്റ്റിനു ലഭിക്കുകയുണ്ടായി. എന്തായാലും ഉടന്‍ തന്നെ ആമസോണ്‍ അയാള്‍ക്ക് വേറെ ഫോണ്‍ അയച്ചു കൊടുക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.
പ്രശ്നം ആമസോണിന്‍റെ ഉന്നത തലത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ ഉടനടി തന്നെ പരിഹരിക്കുകയായിരുന്നു, ധവാന്‍ കൂട്ടിച്ചേര്‍ത്തു.