ആളെ കൊല്ലി ലോണ്‍ ആപ്പുകള്‍, ഈ 15 ആപ്ലിക്കേഷനുകള്‍ അപകടകരം, ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മുന്നറിയിപ്പ്

By Web Team  |  First Published Dec 4, 2024, 1:06 PM IST

ഈ 15 ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ? ഉടനടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക, ലോണ്‍ ആപ്പുകള്‍ മുട്ടന്‍ പണിതരും


കാലിഫോര്‍ണിയ: പ്ലേ സ്റ്റോറില്‍ (ഗൂഗിള്‍ പ്ലേ) ലഭ്യമായ 15 വ്യാജ ലോണ്‍ ആപ്പുകള്‍ (SpyLoan Apps) അപകടകരമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ കമ്പനിയായ മക്കഫീ ( McAfee). 80 ലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള പതിനഞ്ച് ആപ്ലിക്കേഷനുകളെ കുറിച്ചാണ് ജാഗ്രതാ നിര്‍ദേശമെന്ന് രാജ്യാന്തര മാധ്യമമായ ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു.

ലോണ്‍ആപ്പുകള്‍ വലിയ പൊല്ലാപ്പാകുന്ന വാര്‍ത്ത നിരവധി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഒറ്റ ക്ലിക്കില്‍ അതിവേഗം ലക്ഷങ്ങള്‍ വരെ വാഗ്ദാനം ചെയ്യുന്ന ഈ ആപ്ലിക്കേഷനുകളില്‍ കയറി ലോണ്‍ എടുത്ത് ജീവിതം പെരുവഴിലായവര്‍ ഏറെ. ഈ സാഹചര്യത്തിലാണ് മക്കഫീ പ്ലേ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപഭോക്താക്കളെയാണ് വ്യാജ ലോണ്‍ ആപ്പുകള്‍ ലക്ഷ്യംവച്ചിരിക്കുന്നത്. സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ പ്രയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് സെന്‍സിറ്റീവായ വിവരങ്ങള്‍ തട്ടിയെടുക്കുകയും ആപ്പില്‍ അനുമതികള്‍ (പെര്‍മിഷന്‍) നല്‍കാന്‍ നിര്‍ബന്ധിച്ച് ആളുകളെ ചൂഷണം ചെയ്യുന്നതായും മക്കഫീ മൊബൈല്‍ റിസര്‍ച്ച് ടീമിന്‍റെ പഠനത്തില്‍ പറയുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷം ബാക്ക്‌എന്‍ഡ് സംവിധാനം വഴി ഡാറ്റ കവരുന്നതായാണ് കണ്ടെത്തല്‍. 

Latest Videos

ആകെ 8 ദശലക്ഷം ഡൗണ്‍ലോഡുകളുള്ള 15 ഫ്രോഡ് ലോണ്‍ ആപ്പുകളെയാണ് മക്കഫീ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട് എന്നും ഫോബ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചുവടെ കാണുന്ന ചിത്രത്തിലുള്ള ആപ്പുകളില്‍ ഏതെങ്കിലും നിങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി അവ നീക്കം ചെയ്യണം എന്ന് മക്കഫീ ടീം ആവശ്യപ്പെടുന്നു. 

undefined

ഉടനടി പണം എന്ന വാഗ്ദാനവുമായാണ് വ്യാജ ലോണ്‍ ആപ്പുകള്‍ ഉപഭോക്താക്കളെ കയ്യിലെടുക്കുന്നത്. ഇത്തരത്തില്‍ ലോണ്‍ ലഭിക്കാന്‍ വളരെ കുറച്ച് രേഖകള്‍ മാത്രമേ ആപ്പുകളില്‍ നിന്ന് ആവശ്യപ്പെടാറുള്ളൂ. ഈ സൗകര്യങ്ങളെല്ലാം മനസിലാക്കി ലോണ്‍ എടുക്കുന്നവരെ പിഴിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കൂടുതല്‍ പണം തട്ടുകയാണ് വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള അനവധി സംഭവങ്ങള്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക. 

Read more: ഒന്നും ആലോചിക്കാതെ ലോൺ എടുക്കരുത്; അനുയോജ്യരായ വായ്പാദാതാവിനെ കണ്ടെത്താനാനുള്ള വഴി ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!