ദില്ലി: പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്നതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ആപ്പിനെതിരെയും ആരോപണം. ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കുന്നവരുടെ ഡാറ്റ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് അനുമതിയില്ലാതെ നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ടെക് ഗവേഷകൻ എലിയട് ആന്‍റേര്‍സണ്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ആപ്പ് പ്രവര്‍ത്തിക്കുന്ന മൊബൈലിലെ ഓപ്പറേറ്റിങ് സോഫ്റ്റ്‌വയര്‍, നെറ്റ്‌വര്‍ക് ടൈപ്പ്, കാരിയര്‍ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ-മെയില്‍, ഫോട്ടോ, വയസ്സ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് ആപ്പ് വഴി ചോര്‍ത്തുന്നത് എന്നാണ് എലിയട് പറയുന്നത്. എലിയട്ടിന്‍റെ ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് ആപ്പ് പിന്‍വലിച്ചത്.
ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്‍റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തി ശ്രദ്ധേയനായ സൈബര്‍ സുരക്ഷ ഗവേഷകനാണ് എലിയട് ആന്‍റേര്‍സണ്‍. ഈ സംഭവത്തില്‍ വണ്‍പ്ലസ് പിന്നീട് കുറ്റം ഏറ്റുപറയുകയും. ഉപയോക്താക്കളോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
നേരത്തെ പ്രധാനമന്ത്രി മോദിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും അമേരിക്ക ആസ്ഥാനമായ in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആല്‍ഡേഴ്‌സന്‍ പുറത്തുവിട്ടത് വന്‍ വിവാദമായിരുന്നു.