2021ല്‍ വാട്‌സ്ആപ്പിന്‍റെ പ്രൈവസി പോളിസിയില്‍ വരുത്തിയ മാറ്റമാണ് മെറ്റയ്ക്ക് തിരിച്ചടിയായ പ്രധാന കാരണം
ദില്ലി: സ്വകാര്യതാ നിയമം ലംഘിച്ചതിനും അനാരോഗ്യകരമായ വിപണി മത്സരത്തിന്‍റെ പേരിലും സാമൂഹ്യമാധ്യമ ഭീമനായ മെറ്റയ്ക്ക് ഇന്ത്യയില്‍ 213 കോടി രൂപ പിഴ. രാജ്യത്തെ വിപണി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേതാണ് (സിസിഐ) നടപടി. ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയാണ് യുഎസ് ആസ്ഥാനമായുള്ള മെറ്റ.
2021ല്‍ വാട്‌സ്ആപ്പ് പ്രൈവസി പോളിസിയില്‍ വരുത്തിയ വിവാദപരമായ മാറ്റമാണ് മെറ്റയ്ക്ക് ഇന്ത്യയില്‍ തിരിച്ചടിയായത്. ഈ സ്വകാര്യത നയ പരിഷ്‌കരണത്തിന്‍റെ മറവില്‍ മെറ്റ കൃത്രിമത്വം കാട്ടിയതായി മത്സരകമ്മീഷന്‍ കണ്ടെത്തി. വാട്‌സ്ആപ്പ് വഴി ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ പരസ്യത്തിനായി മെറ്റയുടെ മറ്റ് കമ്പനികളുമായി പങ്കുവെയ്ക്കുന്നത് ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയുടെ ലംഘമാണ് എന്ന് സിസിഐ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ സ്‌മാര്‍ട്ട്ഫോണുകള്‍ വഴി ഒടിടി സന്ദേശങ്ങള്‍ അയക്കുന്ന സംവിധാനത്തില്‍ വാട്‌സ്ആപ്പ് ഉടമകളായ മെറ്റ പ്രബലമാണെന്നും ഓണ്‍ലൈന്‍ ഡിസ്‌പ്ലെ പരസ്യങ്ങളില്‍ മെറ്റ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണെന്നും സിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ രംഗത്ത് കുത്തക നിലനിര്‍ത്താനുള്ള നിയമവിരുദ്ധ ശ്രമത്തില്‍ നിന്ന് മെറ്റ വിട്ടനില്‍ക്കണം എന്ന് മത്സരക്കമ്മീഷന്‍ നിര്‍ദേശിച്ചു.
undefined
2021 ജനുവരിയില്‍ പ്രൈവസി ചട്ടങ്ങളില്‍ മെറ്റയുടെ വാട്‌സ്ആപ്പ് വരുത്തിയ മാറ്റങ്ങള്‍ വിവാദമായിരുന്നു. യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ വിശദമായി ശേഖരിക്കുമെന്നും മറ്റ് മെറ്റ കമ്പനികളുമായി ഇത് പങ്കുവെയ്ക്കുമെന്നും ഉറപ്പുനല്‍കിയാല്‍ മാത്രമേ വാട്‌സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയൂ എന്നായിരുന്നു ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ ലഭിച്ച നോട്ടിഫിക്കേഷന്‍. 2021 ഫെബ്രുവരി 8ന് പ്രാബല്യത്തില്‍ വന്ന ഈ പ്രൈവസി പോളിസി മാറ്റമാണ് വാട്‌സ്ആപ്പിന് ഇന്ത്യയില്‍ കുരുക്കായത്. ഇതിന് മുമ്പുണ്ടായിരുന്ന വാട്‌സ്ആപ്പ് ചട്ടങ്ങളില്‍ ആപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ ഫേസ്‌ബുക്ക് അടക്കമുള്ള മറ്റ് മെറ്റ കമ്പനികളുമായി ഷെയര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍ നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ 2021ലെ അപ്‌ഡേറ്റോടെ ഡാറ്റ ഷെയറിംഗ് വാട്‌സ്ആപ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും നിര്‍ബന്ധമാക്കി.
Read more: കൊലകൊമ്പനായി ഐഫോൺ 16, ഇന്ത്യയില്‍ 5ജി സ്‌പീഡ് കൂടുതലുള്ള ഫോണ്‍; ഗ്യാലക്‌സി എസ്24 വീണു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം