ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ സിറ്റികളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായിട്ടുണ്ട്
ദില്ലി: സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ പുത്തന്‍ വരിക്കാരുമായി കുതിക്കുന്ന ബിഎസ്എന്‍എല്ലില്‍ നിന്ന് സന്തോഷ വാര്‍ത്ത. 2024ന്‍റെ അവസാനത്തോടെ രാജ്യമെമ്പാടും 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാമെന്നും 2025ന്‍റെ തുടക്കത്തില്‍ 5ജി സേവനം തുടങ്ങാനാകുമെന്നും ബിഎസ്എന്‍എല്‍ കരുതുന്നതായാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോര്‍ട്ട്.
12,000ത്തോളം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ഇതിനകം സ്ഥാപിച്ചത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ സിറ്റികളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായി. അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്‌പൂര്‍, ലഖ്‌നൗ, റായ്‌പൂര്‍, ചണ്ഡീഗഡ് എന്നിങ്ങനെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും 4ജി സേവനം ബിഎസ്എന്‍എല്‍ എത്തിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, സിക്കിം, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഹില്‍ സ്റ്റേറ്റുകളിലെ ഭൂരിഭാഗം ബിടിഎസ് സ്റ്റേഷനുകള്‍ അപ്‌ഗ്രേഡ് ചെയ്യാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നതായി ബിഎസ്എന്‍എല്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോര്‍ട്ട് ചെയ്തു.
Read more: 3 ദിവസത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോളും ഡാറ്റയും, 100 സൗജന്യ എസ്എംഎസ്; വയനാടിന് താങ്ങായി ബിഎസ്എൻഎൽ
രാജ്യമാകെ 67,340 മൊബൈല്‍ ഫോണ്‍ ടവറുകളാണ് ബിഎസ്എന്‍എല്ലിനുള്ളത്. 12,502 ടവറുകള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ലീസിന് നല്‍കിയിരിക്കുന്നു. 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറുന്നതിനൊപ്പം 5ജി സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബിഎസ്എന്‍എല്‍ ഒരേസമയം നടത്തിവരികയാണ്. 2025ന്‍റെ തുടക്കത്തോടെ 5ജി സേവനം ലഭ്യമാക്കിത്തുടങ്ങാന്‍ കഴിയുമെന്ന് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നു. ടെലികോം മന്ത്രിയുടെയും സെക്രട്ടറിയുടേയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ബിഎസ്എന്‍എല്‍ ടവറുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നത്.
സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും 4ജി ലഭ്യമാക്കി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഎസ്എന്‍എല്‍ 4ജി സാധ്യമാക്കുന്നത്. 2ജി യൂസര്‍മാര്‍ മറ്റ് കമ്പനികളുടെ 4ജിയിലേക്ക് കൂടുമാറിയതോടെ ബിഎസ്എന്‍എല്ലിന് നിരവധി ഉപഭോക്താക്കളെ നഷ്‍ടമായിരുന്നു. എന്നാല്‍ ഈ ജൂലൈ ആദ്യം സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ വരിക്കാരെ തിരികെ പിടിക്കുകയാണ് ബിഎസ്എന്‍എല്‍. ഇങ്ങനെ ബിഎസ്എന്‍എല്ലിലേക്ക് വരുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസത്തിലെ പുരോഗതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം