സിം വാലിഡിറ്റി എന്ന തലവേദന ഒഴിവാക്കാം; ഞെട്ടിക്കുന്ന റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

By Web Team  |  First Published Sep 17, 2024, 10:35 AM IST

797 രൂപയുടെ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്


ദില്ലി: സിം വാലിഡിറ്റി ഇടയ്ക്കിടയ്ക്ക് പുതുക്കേണ്ടി വരുന്നത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ തലവേദന പിടിപ്പിക്കുന്ന കാര്യമാണിത്. എന്നാല്‍ ഇതിനൊരു പരിഹാരം വന്നിരിക്കുകയാണ്. 300 ദിവസത്തേക്ക് സിം ആക്ടീവായി നിലനിര്‍ത്താനുള്ള റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ഇതിനൊപ്പം ഡാറ്റയും സൗജന്യ കോളും മെസേജും ലഭിക്കും എന്നതാണ് ഈ റീച്ചാര്‍ജ് പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. 

300 ദിവസത്തെ സിം വാലിഡിറ്റിയില്‍ 797 രൂപയുടെ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസം വെറും മൂന്ന് രൂപയെ ഉപഭോക്താക്കള്‍ക്ക് ചിലവാകുന്നുള്ളൂ. 10 മാസത്തോളം സിം ആക്ടീവേഷന്‍ സാധ്യമാകുന്ന ഈ പ്ലാനിലെ ആദ്യ 60 ദിവസം സൗജന്യ നാഷണല്‍ റോമിംഗും ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസ് വീതവും ലഭിക്കും. ആദ്യ 60 ദിവസത്തിന് ശേഷം ഇന്‍കമിംഗ് കോളുകള്‍ ലഭിക്കുമെങ്കിലും ഡാറ്റയും കോളും എസ്‌എംഎസും ലഭ്യമാകണമെങ്കില്‍ ടോപ്അപ് റീച്ചാര്‍ജ് ചെയ്യേണ്ടിവരും. 

Latest Videos

ബിഎസ്എന്‍എല്ലിനെ സെക്കന്‍ഡറി സിം ആയി കണക്കാക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉചിതമായ റീച്ചാര്‍ജ് പ്ലാനാണിത്. ആദ്യ രണ്ട് മാസം സൗജന്യ ഡാറ്റയും കോളും എസ്‌എംഎസും ഉപയോഗിച്ച് പരമാവധി ഗുണം നേടാം. ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ സംബന്ധിച്ച് സൗജന്യ സേവനങ്ങളില്ലെങ്കിലും അടുത്ത 240 ദിവസം സിം വാലിഡിറ്റി നിലനിര്‍ത്താനാവുന്നത് ആശ്വാസകരമായ കാര്യമാണ്. 

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ മെച്ചപ്പെട്ട പ്ലാനുകളുമായി ആളുകളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ സേവനങ്ങള്‍ എന്ന വാഗ്ദാനമാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം തന്നെ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ 4ജി സേവനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ ടെലികോം സര്‍ക്കിളുകളില്‍ 4ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 5ജി പരീക്ഷണഘട്ടം ബിഎസ്എന്‍എല്ലും ടെലികോം മന്ത്രാലയവും ആരംഭിച്ചിട്ടുമുണ്ട്.  

Read more: എയര്‍ടെല്‍ ഹോം വൈഫൈ കേരളത്തിന്‍റെ മുക്കിലും മൂലയിലും, 14 ജില്ലകളിലും എത്തി; 22 ഒടിടി, 350ലധികം ചാനലുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!