5ജി ഇല്ലെന്ന പരാതി പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍ നീക്കം തുടങ്ങി, നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു
ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ എസ്എ അടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ഒരുക്കാന്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരില്‍ നിന്ന് ബിഎസ്എന്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
4ജി മാതൃകയില്‍ തദ്ദേശീയമായി 5ജി ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ ദില്ലിയില്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ദില്ലിയിലെ 1,876 സൈറ്റുകളില്‍ 5ജി ഒരുക്കുന്നതാണ് പദ്ധതി. രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍ക്ക് 5ജി എത്തിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനൊപ്പം ഫിക്‌സ്ഡ് വയര്‍ലെസ് ആക്സ്സസും ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. 4ജിയിൽ നിന്ന് വ്യത്യസ്തമായി ദില്ലിയില്‍ റവന്യൂ ഷെയർ മോഡലിൽ 5ജി സേവനങ്ങൾ വിന്യസിക്കാനാണ് ബിഎസ്എന്‍എല്ലിന്‍റെ ശ്രമം എന്നാണ് ടെന്‍ഡര്‍ ഡോക്യുമെന്‍റില്‍ പറയുന്നത്. ടിസിഎസ്, തേജസ്, ഇന്‍ഫോസിസ്, വിവിഡിഎന്‍, ലേഖ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ താല്‍പര്യമറിയിക്കും എന്നാണ് പ്രതീക്ഷ.
undefined
Read more: 600 ജിബി ഡാറ്റ, 365 ദിവസം ആഘോഷം; സ്വപ്‌ന പ്ലാനിന്‍റെ വില ബിഎസ്എന്‍എല്‍ വെട്ടിക്കുറച്ചു
ദില്ലിയിലെ നിശ്ചയിച്ചിരിക്കുന്ന സൈറ്റുകളില്‍ ബിഎസ്എന്‍എല്‍ 900MHz, 3300 MHz എന്നീ ബാന്‍ഡുകള്‍ ഉപയോഗിച്ചായിരിക്കും 5ജി എസ്എ സേവനം ലഭ്യമാക്കുക. ഈ സൈറ്റുകളില്‍ ലേലം ജയിക്കുന്ന കമ്പനിക്ക് 5ജി ഒരുക്കാനുള്ള പദ്ധതിയും ഡിസൈനും തയ്യാറാക്കാനും, ഉപകരണങ്ങളുടെ വിതരണവും വിന്യാസവും നടത്താനും, പ്രവര്‍ത്തന നിയന്ത്രണ അധികാരവുമുണ്ടാകും. ഇതിനായി ദില്ലിയില്‍ രണ്ട് സര്‍വീസ് സേവനദാതാക്കളെ (പ്രൈമറി, സെക്കന്‍ഡറി) കണ്ടെത്താനാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നത്.
ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനമൊരുക്കാന്‍ ശ്രമിക്കുന്നതിന് സമാന്തരമായി തന്നെയാണ് 5ജിയും അണിയറയില്‍ ഒരുങ്ങുന്നത്. ദേശവ്യാപകമായി ഇതുവരെ ബിഎസ്എന്‍എല്‍ 4ജി ഉദ്ഘാടനം ചെയ്തിട്ടില്ല. അതേസമയം 5ജിയുടെ പരീക്ഷണം ഇതിനകം ബിഎസ്എന്‍എല്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം