കൊച്ചി: ഓണത്തോടനുബന്ധിച്ചു ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈൽ പ്ലാനിന് ഒരു വർഷമാണു കാലാവധി. 20 രൂപയുടെ സംസാരസമയം, ആദ്യത്തെ മുപ്പതു ദിവസം ഇന്ത്യയിലെവിടെയും ബിഎസ്എൻഎൽ കോളുകൾക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകൾക്ക് മിനിട്ടിനു പത്തു പൈസ, ഇക്കാലയളവിൽ 500 എംബി ഡാറ്റ എന്നിവയാണു പ്രത്യേകതകൾ.
ഒരു മാസത്തിനു ശേഷം എല്ലാ കോളുകൾക്കും സെക്കൻഡിന് ഒരു പൈസയും ഒരു ജിബി ഡാറ്റയ്ക്ക് നൂറു രൂപയുമാണു നിരക്ക്. നാലു നന്പറുകളിലേക്കു ഫ്രണ്ട്സ് ആൻഡ് ഫാമിലി സ്കീമും (ബിഎസ്എൻഎൽ മിനിട്ടിനു 10 പൈസ, മറ്റുള്ളത് 20 പൈസ) ഈ പ്ലാനിലുണ്ട്. 110, 200, 500, 1000 രൂപയുടെ റീച്ചാർജിനു മുഴുവൻ സംസാര സമയം ലഭിക്കും. മറ്റു പ്ലാനിലുള്ളവർക്കു 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈൽ പ്ലാനിലേക്കു മാറാൻ 123 എന്ന നന്പറിലേക്കു PLAN ONAM എന്ന് എസ്എംഎസ് അയയ്ക്കണം.
188, 289, 389 രൂപയുടെ പ്രീപെയ്ഡ് താരിഫ് വൗച്ചറുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ഡാറ്റ ഉപയോഗിക്കാത്ത സ്മാർട്ട് ഫോണ് ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് ഒരു ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. പ്രീപെയ്ഡ് 333 പ്ലാനിൽ ദിവസേന രണ്ടു ജിബി വരെ വേഗനിയന്ത്രണമില്ല. തുടർന്നു വേഗം 80 കെബിപിഎസ് ആകും. 56 ദിവസമാണു കാലാവധി. പോസ്റ്റ് പെയ്ഡ് 799 പ്ലാനിൽ പരിധിയില്ലാതെ കോളുകളും 10 ജിബി ഡാറ്റാ ഉപയോഗവും ലഭിക്കുമെന്ന് എറണാകുളം ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ജി. മുരളീധരൻ അറിയിച്ചു.
ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ നിരക്കുകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ 599 കോംബോ പ്ലാനിൽ 2 എംബിപിഎസ് വേഗത്തിൽ പരിധിയില്ലാതെ ബ്രോഡ്ബാൻഡ് ഉപയോഗിക്കാം. ഗ്രാമീണമേഖലയ്ക്കുള്ള 650 കോംബോ പ്ലാനിൽ 15 ജിബി വരെ 2എംബിപിഎസ് വേഗത്തിലും തുടർന്ന് 1 എംബിപിഎസ് വേഗത്തിലും പരിധിയില്ലാതെ ഉപയോഗിക്കാനുമാകുമെന്നും ജി. മുരളീധരൻ അറിയിച്ചു.