ഒരുവശത്ത് കുതിപ്പ്, മറുവശത്ത് കിതപ്പ്; രണ്ടാം വിആര്‍എസിന് ബിഎസ്എന്‍എല്‍, 18000 തൊഴിലാളികള്‍ പുറത്തേക്ക്?

By Web Desk  |  First Published Dec 29, 2024, 9:58 AM IST

രണ്ടാംഘട്ട വിആര്‍എസ് നടപ്പിലാക്കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു, 15,000 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രാലയത്തെ സമീപിച്ചതായി സൂചന 


ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം നെറ്റ്‌വര്‍ക്കായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) രണ്ടാം വിആര്‍എസിന് ഒരുങ്ങുന്നു. ബിഎസ്എന്‍എല്ലില്‍ വീണ്ടും വിആര്‍എസ് നടപ്പിലാക്കാന്‍ ടെലികോം മന്ത്രാലയം ധനകാര്യ മന്ത്രാലയത്തിന്‍റെ സാമ്പത്തിക അനുമതി തേടിയതായാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. രണ്ടാംഘട്ട വിആര്‍എസ് പ്രകാരം 18,000 മുതല്‍ 19,000 പേര്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് പിരിഞ്ഞുപോകേണ്ടിവരും എന്നാണ് സൂചന. 

ബിഎസ്എന്‍എല്ലില്‍ രണ്ടാംഘട്ട വിആര്‍എസ് നടപ്പാക്കാനുള്ള ആലോചനയിലാണ് ടെലികോം മന്ത്രാലയം. ഇതിനായി ടെലികോം മന്ത്രാലയം സാമ്പത്തിക സഹായത്തിനായി ധനകാര്യ മന്ത്രാലയത്തെ സമീപിച്ചു. വിആര്‍എസ് നടപ്പിലാക്കാന്‍ ബിഎസ്എന്‍എല്‍ 15,000 കോടി രൂപയാണ് ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിഎസ്എന്‍എല്ലിലെ 35 ശതമാനം അഥവാ 18,000ത്തിനും 19,000ത്തിനും ഇടയില്‍ തൊഴിലാളികള്‍ക്കാണ് വിആര്‍എസ് ബാധകമാവുക. രണ്ടാംഘട്ട വിആര്‍എസ് നടപ്പിലാകുന്നതോടെ ബിഎസ്എന്‍എല്ലിന്‍റെ വാര്‍ഷിക വേതന ബജറ്റ് 7,500 രൂപയില്‍ നിന്ന് 5,000 രൂപയായി കുറയും. നിലവില്‍ വരുമാനത്തിന്‍റെ 38 ശതമാനം ജീവനക്കാരുടെ ശമ്പളം നല്‍കാനായാണ് ബിഎസ്എന്‍എല്‍ ചിലവഴിക്കുന്നത്. വീണ്ടും വിആര്‍എസ് നടപ്പാക്കുന്നത് ബിഎസ്എന്‍എല്ലിന്‍റെ ബാലന്‍സ് ഷീറ്റില്‍ ഗുണകരമാകും എന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

Latest Videos

Read more: 300ലധികം ടിവി ചാനലുകള്‍ മൊബൈല്‍ ഫോണില്‍ സൗജന്യം; ബിടിവി സേവനം അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

രണ്ടാംഘട്ട വിആര്‍എസ് നടപ്പാക്കാന്‍ ബിഎസ്എന്‍എല്‍ ബോര്‍ഡ് ഇതിനകം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചാല്‍ അന്തിമ ക്യാബിനറ്റ് അനുമതിക്കായി ടെലികോം മന്ത്രാലയം നീങ്ങും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ബിഎസ്എന്‍എല്ലിലെ രണ്ടാം വിആര്‍എസിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നും ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോയ ഉപഭോക്താക്കളെ ബിഎസ്എന്‍എല്‍ തിരിച്ചുപിടിക്കുന്നതിനിടെയാണ് കമ്പനിയില്‍ വീണ്ടും വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങുന്നതായി വാര്‍ത്ത പുറത്തുവരുന്നത്. 2019ലെ പുനരുജ്ജീവന പദ്ധതി പ്രകാരം ബിഎസ്എന്‍എല്‍ ആദ്യഘട്ട വിആര്‍എസ് നടപ്പിലാക്കിയിരുന്നു. അന്ന് 93,000ത്തിലേറെ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ജീവനക്കാര്‍ വിആര്‍എസ് സ്വീകരിച്ചു. 

Read more: ന്യൂഇയര്‍ ബിഎസ്എന്‍എല്‍ തൂക്കി; 277 രൂപയ്ക്ക് 60 ദിവസത്തേക്ക് 120 ജിബി ഡാറ്റ! പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!