55 ലക്ഷം അടച്ചു, 3 കോടി തിരികെ വാരാമെന്ന് സന്ദേശം; പിന്‍വലിക്കുമ്പോള്‍ ആപ്പിലായി ബിഎസ്എന്‍എല്‍ ജീവനക്കാരി

By Web Team  |  First Published Sep 2, 2024, 1:45 PM IST

500 ശതമാനം അധിക റിട്ടേണ്‍ എന്ന് ഫേസ്‌ബുക്ക് പരസ്യം, 55 ലക്ഷം നിക്ഷേപിച്ച് 3 കോടി രൂപ പിന്‍വലിക്കാന്‍ ശ്രമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരിക്ക് സംഭവിച്ചത്...
 


രാജ്‌കോട്ട്: സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ മോഹവാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ പണം നല്‍കി ലക്ഷങ്ങള്‍ നഷ്‌ടപ്പെട്ട ബാങ്ക് മാനേജരെ കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. സമാനമായി ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരിക്ക് മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പില്‍ 55 ലക്ഷം രൂപ പോയ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ രാജ്കോട്ടില്‍ ജെടിഒ (ജൂനിയര്‍ ടെലികോം ഓഫീസര്‍) ആയ ബെലാ വൈദ്യക്കാണ് മെയ്-ജൂണ്‍ മാസങ്ങള്‍ക്കിടെ പണം നഷ്‌ടമായത് എന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്കോട്ടിലെ ജൂനിയര്‍ ടെലികോം ഓഫീസറായ ബെലാ വൈദ്യ തനിക്ക് 55 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്‌ടമായി എന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. രാജ്‌കോട്ട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്. ആരും തലയില്‍ കൈവെച്ചുപോകുന്ന വിവരങ്ങളാണ് ഈ പരാതിയുള്ളത്. 

Latest Videos

സ്റ്റോക്കില്‍ നിക്ഷേപിച്ചാല്‍ 500 ശതമാനം അധിക റിട്ടേണ്‍ ലഭിക്കും എന്ന പരസ്യം കണ്ടാണ് ബെലാ വൈദ്യ ലക്ഷങ്ങള്‍ മുടക്കിയത്. പരസ്യത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌ത വൈദ്യ 'പ്രൈം വിഐബി ബാങ്ക്സ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെടുകയാണ് ആദ്യം ചെയ്‌തത്. ‘Fragemway’ എന്ന് പേരുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ചു. ഒരു യൂസര്‍ ഐഡിയും പാസ്‌വേഡും സെറ്റ് ചെയ്‌ത് ബെലാ വൈദ്യ ആപ്പില്‍ ലോഗിന്‍ ചെയ്‌തു. സ്റ്റോക്കുകളെയും ഐപിഒകളെയും കുറിച്ചുള്ള നിരവധി പരസ്യങ്ങള്‍ ഈ ആപ്പിലുണ്ടായിരുന്നു. ഏതൊക്കെ സ്റ്റോക്കിലാണ് നിക്ഷേപിക്കേണ്ടത് എന്ന നിര്‍ദേശങ്ങള്‍ പ്രകാരം 20ലധികം ട്രാന്‍സാക്ഷനുകളിലായി 55.94 ലക്ഷം രൂപ ബെലാ വൈദ്യ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. ഇതോടെ 3 കോടി രൂപ തനിക്ക് റിട്ടേണ്‍ കിട്ടുമെന്ന് ആപ്പില്‍ തെളിഞ്ഞു. എന്നാല്‍ ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് കഴിയാതെ വരികയും പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ആപ്ലിക്കേഷനില്‍ നിന്നും വൈദ്യ നീക്കം ചെയ്യപ്പെടുകയും ചെയ്തു. 

ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബെലാ വൈദ്യക്ക് ബോധ്യപ്പെട്ടത്. പിന്നാലെ പരാതിയുമായി ബെലാ വൈദ്യ സൈബര്‍ക്രൈം ഹെല്‍പ്‌ലൈനിനെയും പൊലീസിനേയും സമീപിക്കുകയായിരുന്നു. സമീപകാലത്ത് സമാനമായ അനേകം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് മറനീക്കി പുറത്തുവന്നത്. 

Read more: ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ചാകരക്കാലം; വേഗം കൂടി, എന്‍ട്രി-ലെവല്‍ ബ്രാഡ്‌ബാന്‍ഡ് പ്ലാനുകള്‍ വേറെ ലേവലായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!