എങ്ങനെയാണ് വീട്ടിലെ വൈഫൈ കണക്ഷന്‍ മറ്റൊരിടത്തിരുന്ന് ഉപയോഗിക്കാന്‍ കഴിയുക എന്ന് വിശദമായി അറിയാം
ദില്ലി: വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന 'നാഷണല്‍ വൈ-ഫൈ റോമിംഗ്' സര്‍വീസ് പൊതുമേഖല ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍ എഫ്‍ടിടിഎച്ച് (ഫൈബര്‍-ടു-ദി-ഹോം) കണക്ഷന്‍ ഉപയോഗിച്ച് രാജ്യത്ത് എവിടെ വച്ചും അതിവേഗ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും.
എന്താണ് നാഷണല്‍ വൈ-ഫൈ റോമിംഗ്
നിങ്ങളൊരു ബിഎസ്എന്‍എല്‍ എഫ്‍ടിടിഎച്ച് ഉപഭോക്താവാണെങ്കില്‍ റൂട്ടര്‍ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷനില്‍ മാത്രമേ നിലവില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. വീട്ടിലാണ് എഫ്‍ടിടിഎച്ച് കണക്ഷന്‍ എടുത്തിട്ടുള്ളതെങ്കില്‍ വീട് വിട്ടിറങ്ങിയാല്‍ ഈ വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ബിഎസ്എന്‍എല്ലിന്‍റെ നാഷണല്‍ വൈ-ഫൈ റോമിംഗ് സര്‍വീസ് പ്രകാരം വീട്ടിലെ വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് തന്നെ അതിവേഗ ഇന്‍റര്‍നെറ്റ് ഇന്ത്യയിലെവിടെയും ഉപയോഗിക്കാം.
എങ്ങനെയാണ് വീട്ടിലെ വൈഫൈ കണക്ഷന്‍ മറ്റൊരിടത്തിരുന്ന് ഉപയോഗിക്കാന്‍ കഴിയുക എന്ന് നോക്കാം. ബിഎസ്എന്‍എല്ലിന്‍റെ നാഷണല്‍ വൈ-ഫൈ റോമിംഗ് ലഭിക്കാന്‍ നിങ്ങള്‍ ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എന്‍എല്ലിന്‍റെ വൈഫൈ കണക്ഷന്‍ ഉണ്ടായാല്‍ മതി. നിങ്ങളൊരു റെയില്‍വേ സ്റ്റേഷനിലാണെങ്കില്‍ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ കണക്ഷനെ ബന്ധിപ്പിച്ചാണ് ഫോണില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാവുക. റെയില്‍വേ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങള്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ ഇങ്ങനെ ബിഎസ്എന്‍എല്ലിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് ഇങ്ങനെ ഉപയോഗിക്കാം.
രജിസ്ട്രേഷന്‍ എങ്ങനെ?
ബിഎസ്എന്‍എല്ലിന്‍റെ നാഷണല്‍ വൈ-ഫൈ റോമിംഗ് സര്‍വീസ് ലഭിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നാഷണല്‍ വൈ-ഫൈ റോമിംഗ് നിലവിലെ നിങ്ങളുടെ ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച് കണക്ഷനില്‍ ലഭ്യമാണ്. നാഷണല്‍ വൈ-ഫൈ റോമിംഗ് ലഭിക്കാന്‍ പുതിയ കണക്ഷന്‍ എടുക്കണമെന്നില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് എഫ്‌ടിടിഎച്ച് നമ്പറും കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും കോഡും നല്‍കിയാണ് ബിഎസ്എന്‍എല്‍ വൈ-ഫൈ റോമിംഗിനായി അപേക്ഷിക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം