റെയ്ഞ്ചിന്‍റെ പൊടിപോലുമില്ല; പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് മുട്ടന്‍ പണി കൊടുത്ത് ബിഎസ്എൻഎൽ

By Web Desk  |  First Published Jan 2, 2025, 10:32 AM IST

ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായതോടെ ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനോ ഡാറ്റ സേവനം ഉപയോഗിക്കാനോ കഴിഞ്ഞില്ല 


ദില്ലി: പുതുവർഷത്തിൽ ഉപഭോക്താക്കളെ വലച്ച് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എൻഎൽ. നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്നലെ ഉച്ചയ്ക്ക്  12:46 വരെ 172 പരാതികൾ ലഭിച്ചുവെന്ന് ഡൗൺഡിറ്റക്ടർ രേഖപ്പെടുത്തി. ഇതില്‍ 61 ശതമാനം ഉപഭോക്താക്കൾക്ക് സിഗ്നൽ തന്നെ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ബാക്കിയുള്ളവർ മൊത്തത്തിൽ ബ്ലാക്ക്ഔട്ട് അല്ലെങ്കിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടെന്നും പരാതിപ്പെട്ടു. നാഗ്‌പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നായിരുന്നു പ്രധാനമായും ഉപഭോക്താക്കളുടെ പരാതികള്‍. 

ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായതോടെ ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനോ ആവശ്യ ഓൺലൈൻ സേവനങ്ങൾ ആക്‌സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയിലായി. കൂടുതൽ പേരെ പ്രശ്നം ബാധിച്ചത് നാഗ്‌പൂരിലും കൊൽക്കത്തയിലുമാണ്. ടെക്‌നിക്കൽ പ്രശ്‌നങ്ങൾ കാരണമാണ് തടസം നേരിട്ടതെന്നും തങ്ങളുടെ ടീം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഡൗൺ ഡിറ്റക്ടറിൽ പിന്നാലെ ബിഎസ്എൻഎൽ കുറിച്ചു. 

Latest Videos

ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് സംബന്ധിച്ച് ഉപഭോക്താക്കൾ പരാതികൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഉപയോക്താവ് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പോസ്റ്റിട്ടിരിക്കുന്നത്. മറ്റൊരാൾ ബിഎസ്എൻഎല്ലിലേക്ക് മാറിയതിൽ ഖേദം പ്രകടിപ്പിക്കുകയും ജിയോയുടെ കസ്റ്റമർ കെയർ അക്കൗണ്ട് ടാഗ് ചെയ്യുകയും ചെയ്തു. “ബിഎസ്എൻഎല്ലിന് ടവർ ഇല്ലേ? ഇന്ന് രാവിലെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു, ജോലി പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു. നാല് മണിക്കൂർ കഴിഞ്ഞിട്ടും ഒന്നും മാറിയില്ല എന്നായിരുന്നു കൊൽക്കത്ത സ്വദേശിയായ ഒരു ഉപയോക്താവിന്‍റെ ട്വീറ്റ്.

അടുത്തിടെയാണ് 4ജി നെറ്റ്‌വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ബിഎസ്എൻഎൽ പുറത്തുവിട്ടത്. 4ജി സേവനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ. ശ്രീനു പറഞ്ഞിരുന്നു. 'സർവത്ര വൈഫൈ' എന്ന പേരിൽ സ്ഥലം മാറിപ്പോവുന്ന ഉപഭോക്താക്കൾക്ക് വൈഫൈ കണക്ടിവിറ്റി തുടർന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ബിഎസ്എൻഎൽ അവതരിപ്പിച്ചത് വാർത്തയായിരുന്നു.

Read more: കൈനിറയെ ആനുകൂല്യം, മനംനിറയെ ഡാറ്റ; രണ്ട് പുതിയ റീച്ചാര്‍ജുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!