ബിഎസ്എന്‍എല്‍ 5ജി കൈയെത്തും ദൂരത്ത്; ഇതാ സന്തോഷ വാർത്ത

By Web TeamFirst Published Oct 18, 2024, 7:28 AM IST
Highlights

ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണവും 5ജി കാത്തിരിപ്പും വൈകില്ലെന്ന് ടെലികോം മന്ത്രിയുടെ പ്രഖ്യാപനം 

ദില്ലി: രാജ്യവ്യാപകമായി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ 4ജി വിന്യാസത്തിന്‍റെ പാതയിലാണ്. 2025 മെയ് മാസത്തോടെ ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം ലക്ഷ്യം കൈവരിക്കും എന്നാണ് കേന്ദ്രം പറയുന്നത്. ഇതിന് ശേഷം എപ്പോഴായിരിക്കും 5ജിയിലേക്ക് ബിഎസ്എന്‍എല്‍ ചുവടുറപ്പിക്കുക. ബിഎസ്എന്‍എല്‍ 5ജിക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയാണ് വരുന്നത്. 

5ജി നെറ്റ്‍വർക്ക് സ്ഥാപിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിഎസ്എന്‍എല്‍ പൂർത്തിയാക്കി എന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കുന്നത്. 2025 ജൂണോടെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക് ഗിയർ മാറ്റുമെന്ന് അദേഹം പറഞ്ഞു. 'അടുത്ത വർഷം ഏപ്രില്‍-മെയ് മാസത്തോടെ 1 ലക്ഷം 4ജി ബിഎസ്എന്‍എല്‍ ടവറുകളാണ് ലക്ഷ്യം. ഇന്നലെ വരെ 38,300 4ജി സൈറ്റുകള്‍ പൂർത്തിയായി. 75000 ടവറുകള്‍ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‍വർക്കിലാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. 2025 ജൂണോടെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക് മാറ്റം. സ്വന്തം 5ജി ടെക്നോളജിയുള്ള ആറാമത്തെ മാത്രം രാജ്യമാകാനാണ് ഇന്ത്യയൊരുങ്ങുന്നത്'- എന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം വൈകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മന്ത്രി നല്‍കിയത്. 

Latest Videos

ശക്തമായ മത്സരം

നിലവില്‍ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍, വോഡോഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ക്ക് ശക്തമായ മത്സരമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ മൂന്ന് കമ്പനികളും താരിഫ് നിരക്കുകള്‍ വർധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കള്‍ ചേക്കേറുകയായിരുന്നു. ഇവരെ പിടിച്ചുനിർത്താന്‍ ആകർഷകമായ റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഇതിനൊപ്പമാണ് കമ്പനി 4ജി, 5ജി വിന്യാസത്തിലും ശ്രദ്ധയൂന്നുന്നത്. 

Read more: കാത്തിരുന്ന വാർത്തയെത്തി; ടാറ്റയുടെ ഉറപ്പ്, ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം വൈകില്ല, ലോഞ്ച് ഉടന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!