4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുക്കുന്നത്
ദില്ലി: രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് 4ജി ടവറുകൾ പൂർത്തിയാകുന്നത് എങ്കിലും മറ്റൊരു സന്തോഷ വാർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിംഗ് നടക്കുന്നതാണിത്. രാജ്യത്ത് മിന്നൽ വേഗത്തിലുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്ലിന്റെ ഭാഗത്ത് നിന്നുള്ളത്.
4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുക്കുന്നത്. മികച്ച വേഗത്തിനായി കാത്തിരിക്കൂ എന്ന കുറിപ്പോടെ ഇതിന്റെ ദൃശ്യങ്ങൾ ബിഎസ്എൻഎൽ അധികൃതർ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎൻഎല്ലിനെയും ടാഗ് ചെയ്തുകൊണ്ടാണ് ബിഎസ്എൻഎല്ലിന്റെ ട്വീറ്റ്. ദില്ലിയിലാണ് ബിഎസ്എൻഎൽ 5ജി ടെസ്റ്റിംഗ് പുരോഗമിക്കുന്നത്. ഇടിമിന്നൽ ഇന്റർനെറ്റ് വേഗത ആസ്വദിക്കാൻ തയ്യാറായിക്കോളൂ എന്ന് ബിഎസ്എൻഎൽ ആഹ്വാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ബിഎസ്എൻഎൽ 4ജി വൈകിയത് എന്ന വിശദീകരണം നേരത്തെ പുറത്തുവന്നിരുന്നു.
Get ready for faster speed with low latency. 5G indigenous technology under testing.
Stay tuned for more updates. pic.twitter.com/STB1Y4vw7q
4ജി വ്യാപനം വേഗത്തിലാക്കാന്‍ 6000 കോടി രൂപ കൂടി ബിഎസ്എന്‍എല്ലിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 2019ന് മുതലുള്ള ഉത്തേജക പദ്ധതികളുടെ ഭാഗമായി ഇതിനകം 3.22 ട്രില്യണ്‍ രൂപ ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. സ്വകാര്യ ടെലികോം നെറ്റ‌്‌വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ 4ജി വ്യാപനം വളരെ പിന്നിലാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്ക് ഇതിനകം 4ജി രാജ്യത്തുണ്ട്. ജിയോയും എയർടെല്ലും 5ജി സേവനം തുടങ്ങിക്കഴിഞ്ഞു.
Read more: ബിഎസ്എന്‍എല്‍ 5ജി ടവര്‍ സ്ഥാപിക്കല്‍; നടക്കുന്നത് വ്യാജ പ്രചാരണം- Fact Check