കൊച്ചി: സ്തനാര്‍ബുദത്തിനെതിരെ പോരാടാന്‍ സ്ത്രീകള്‍ക്കായി ഒരു മൊബൈല്‍ പങ്കാളി. അതാണ് ബ്രെക്സ എന്ന മൊബൈല്‍ ആപ്പ്. സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിനും അത് ഒഴിവാക്കാനുള്ള വഴികളെ കുറിച്ച് സ്ത്രീകളില്‍ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി രൂപകല്‍പ്പന ചെയ്ത ബ്രെക്സ എന്ന മൊബൈല്‍ ആപ്പ് പുറത്തിറങ്ങി.
വെസ്ന ഹെല്‍ത്ത് സൊലൂഷ്യന്‍സ് രൂപകല്‍പ്പന ചെയ്ത ഈ ആപ്പ് എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ വെച്ച് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ ആണ് പുറത്തിറക്കിയത്. വിദ്യാഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മലയാളികള്‍ ഇന്നും സ്തനാര്‍ബുദം തടയുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല, പകരം വന്നതിനു ശേഷം ഭീതി പൂണ്ടു നടക്കുന്ന പ്രവണത ആണ് കണ്ടു വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അമൃത ഹോസ്പിറ്റല്‍ ഗൈനോ-ഓങ്കോളജി വിഭാഗത്തിലെ ഡോക്ടര്‍ അനുപമ ആര്‍ സംസാരിച്ചു. സ്തനാര്‍ബുദംഭയക്കേണ്ട ഒന്നല്ല, പകരം അതിനെ കുറിച്ച് അറിഞ്ഞു യൌവ്വനം മുതലേ വേണ്ട മുന്‍കരുതല്‍ എടുക്കുകയാണ് വേണ്ടത് അവര്‍ കൂട്ടി ചേര്‍ത്തു. കൊച്ചി കാന്‍സെര്‍വ് മെമ്പര്‍ ആയ ശ്രീമതി അംബിക ചന്ദ്രകുമാര്‍, ഡോക്ടര്‍ സജിമോള്‍ അഗസ്റ്റിന്‍, ശ്രീമതി കല ജോയ്മോന്‍, ബി. ചന്ദ്രകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നാല്‍പ്പതു വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൌജന്യ മാമ്മോഗ്രാം ചെയ്തു കൊടുക്കുന്നതിനുള്ള സ്വസ്തി കാമ്പയിന്‍ ശ്രീമതി സരള പിള്ള ഡോനേഷന്‍ ചെക്ക് കൈമാറുന്നത് വഴി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വിജ്ഞാനപ്രദമായ ക്വിസ് സെഷന്‍ ക്വിസ് മാസ്റ്ററും സംരംഭകനുമായ ചാള്‍സ് ആണ്ട്രൂസ് നിര്‍വഹിച്ചു.
ബ്രെക്സ ആപ്പ് ഡെമോ ആന്‍ഡ് ഫീച്ചേര്‍സ് അതിന്‍റെ ഡെവലപ്പര്‍മാരായ റെനിട്ടോ ജോസ്, ജിതിന്‍ ദാസ് എന്നിവര്‍ പ്രദര്‍ശിപ്പിച്ചു.