ഒരു ദിവസം ബിപി ടെക്‌നോളജിയുടെ സാങ്കേതികവിദ്യകള്‍ ചൊവ്വയിലോ ചന്ദ്രനിലോ പര്യവേഷണം ചെയ്യുന്നത് നമ്മുടെ ആയുസിനിടയില്‍ തന്നെ കണ്ടേക്കാം
ഹൂസ്റ്റണ്‍: ചന്ദ്രനിലും ചൊവ്വയിലും മനുഷ്യന്‍ കുഴികളെടുത്ത് പര്യവേഷണം ചെയ്യുന്ന കാലം വരുമോ? ഒരു ദിവസം അത് സംഭവിച്ചേക്കാം എന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ കരാര്‍ നല്‍കുന്ന സൂചന. സാങ്കേതികവിദ്യയും സാങ്കേതികവിദഗ്ധരെയും കൈമാറാന്‍ ഊര്‍ജ പര്യവേഷണ രംഗത്തെ പ്രമുഖ കമ്പനിയായ ബിപി ടെക്നോളജിയുമായി നാസ കരാറിലെത്തി. റോബോട്ടിക്‌സ്, ക്ലീൻ എനർജി തുടങ്ങിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹകരണം സഹായിക്കുമെന്ന് ബിപി പ്രതീക്ഷിക്കുന്നു. ബഹിരാകാശ പര്യവേഷണത്തിനും ഊര്‍ജ ഉല്‍പാദനത്തിനും കരാര്‍ മുതല്‍ക്കൂട്ടാകുമെന്ന് ബിപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഒരു ദിവസം ബിപി ടെക്‌നോളജിയുടെ സാങ്കേതികവിദ്യകള്‍ ചൊവ്വയിലോ ചന്ദ്രനിലോ പര്യവേഷണം ചെയ്യുന്നത് നമ്മുടെ ആയുസിനിടയില്‍ തന്നെ കണ്ടേക്കാം. ഭൂമിയില്‍ കൂടുതല്‍ എണ്ണയും ഗ്യാസും കണ്ടെത്താനായാണ് നിലവിലെ സഹകരണമെങ്കിലും അന്യഗ്രഹങ്ങളിലെ പര്യവേഷണമടക്കം ഈ സഹകരണത്തിന്‍റെ ഭാഗമാകും. 'ഏറെ പ്രതികൂലമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതില്‍ വിദഗ്ധരാണ് നാസയും ബിപി ടെക്‌നോളജിയും. അത് കടലിന് അടിയിലാവാം, അങ്ങ് ചന്ദ്രനിലാവാം. വളരെ സങ്കീര്‍ണമായ എഞ്ചിനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സഹകരണം വഴി സാധിക്കും. സുരക്ഷിതമായ ഊര്‍ജ വിതരണത്തിലും എമിഷന്‍ കുറയ്ക്കുന്നതിലും ഒരുമിച്ച് ശ്രദ്ധ പുലര്‍ത്തുമെന്നും' ബിപി കമ്പനിയുടെ സീനിയര്‍ എക്‌സിക്യുട്ടീവായ ഗിവാന്നി ക്രിസ്റ്റോഫോളി വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
undefined
കടലില്‍ 14,000 അടിയിലും ഭൂമിയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍മാര്‍ക്കും ഉപകരണങ്ങള്‍ പരീക്ഷിക്കാനുള്ള ഡിജിറ്റല്‍ മോഡലുകളും സിമുലേഷനുകളും പരസ്‌പരം കൈമാറുന്നതും ഈ സഹകരണത്തിലുണ്ട്. ഹൈഡ്രജന്‍ ഉപയോഗം, ഹൈ-കപ്പാസിറ്റി ബാറ്ററി നിര്‍മാണം, സോളാര്‍ പവര്‍ സിസ്റ്റംസ് സ്ഥാപിക്കല്‍, ചെറുകിയ ന്യൂക്ലിയര്‍ പവര്‍ സംവിധാനങ്ങളൊരുക്കല്‍ എന്നിവയിലും നാസയും ബിപി ടെക്‌നോളജിയും ഭാവിയില്‍ സഹകരിക്കാനിടയുണ്ട്. കമ്പനികളും സര്‍വകലാശാലകളും മറ്റ് സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ കഴിയുന്ന അമേരിക്കന്‍ നിയമം പ്രകാരമാണ് നാസ ബിപി ടെക്നോളജിയുമായി നാസ കരാറില്‍ എത്തിയിരിക്കുന്നത്. ഊര്‍ജ മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതില്‍ പ്രസിദ്ധരാണ് ബിപി ടെക്നോളജി. അതിനാലാണ് ഈ കരാര്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം