ഏത് കാട്ടിലും നെറ്റ്‍വർക്ക്; ഡിടുഡി പരീക്ഷണം വിജയിപ്പിച്ച് ബിഎസ്എന്‍എല്ലും വയാസാറ്റും, ഇന്ത്യയിലാദ്യം

By Web TeamFirst Published Oct 18, 2024, 8:20 AM IST
Highlights

വയാസാറ്റ് ബിഎസ്എന്‍എല്ലുമായി ചേർന്ന് ഡയറക്ട്-ടു-ഡിവൈസ് സാറ്റ്‍ലൈറ്റ് ടെക്നോളജി ഇന്ത്യയിലാദ്യമായി പരീക്ഷിച്ചു 

ദില്ലി: സിം വഴിയല്ലാതെ കോളും എസ്എംഎസും സാധ്യമാകുന്ന ഡയറക്ട്-ടു-ഡിവൈസ് (Direct-to-Device) സാറ്റ്‍ലൈറ്റ് ടെക്നോളജി ബിഎസ്എന്‍എല്ലുമായി ചേർന്ന് സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനി വയാസാറ്റ് വിജയകരമായി പരീക്ഷിച്ചു. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മറ്റും അധിക ഹാർഡ്‍വെയറുകള്‍ ഘടിപ്പിക്കാതെ സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സാധ്യമാകുന്ന ടെക്നോളജിയാണിത്. 

ബിഎസ്എന്‍എല്ലുമായി ചേർന്ന് ഇന്ത്യയിലാദ്യമായി ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് യുഎസ് ആസ്ഥാനമായുള്ള ആഗോള സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വയാസാറ്റ്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വയാസാറ്റും ബിഎസ്എന്‍എല്ലും ചേർന്ന് ഈ സാങ്കേതികവിദ്യയുടെ പരീക്ഷണം അവതരിപ്പിച്ചു. എന്‍ടിഎന്‍ കണക്റ്റിവിറ്റി എനാബിള്‍ ചെയ്തിട്ടുള്ള ആന്‍ഡ്രോയ്ഡ് സ്മാർട്ട്ഫോണില്‍ സാറ്റ്‍ലൈറ്റ് വഴിയുള്ള ടു-വേ മെസേജിംഗ്, എസ്ഒഎസ് മെസേജിംഗാണ് വയാസാറ്റ് വിജയിപ്പിച്ചത്. 36,000 കിലോമീറ്റർ അകലെയുള്ള വയാസാറ്റ് ജിയോസ്റ്റേഷനറി എല്‍-ബാന്‍ഡ് സാറ്റ്‍ലൈറ്റുകള്‍ ഒന്ന് വഴിയായിരുന്നു സന്ദേശം അയച്ചത്. വയാസാറ്റ് വഴി സെല്‍ഫോണുകളിലേക്കുള്ള ഈ സാറ്റ്‍ലൈറ്റ് സർവീസ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ കഴിയുമെന്ന് വയാസാറ്റ് അവകാശപ്പെട്ടു. ഇത്തരത്തില്‍ ഡിടുഡി വഴി വ്യക്തികള്‍ക്കും ഡിവൈസുകള്‍ക്കും വാഹനങ്ങള്‍ക്കും എവിടെയും കണക്റ്റിവിറ്റി എത്തിക്കാന്‍ വയാസാറ്റിന് കഴിയുമെന്ന് ചീഫ് ടെക്നിക്കള്‍ ഓഫീസർ സന്ദീപ് മൂർത്തി പറഞ്ഞു. 

Latest Videos

എന്താണ് ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി?

മൊബൈല്‍ ഫോണ്‍, സ്മാർട്ട്‍വാച്ചുകള്‍, കാറുകള്‍, മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രത്യേക സാറ്റ്‍ലൈറ്റ് ഹാർഡ്‍വെയറുകളുടെ സഹായമില്ലാതെ തന്നെ സാറ്റ്‍ലൈറ്റുമായി ബന്ധിപ്പിക്കാന്‍ ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി വഴി സാധിക്കും. മൊബൈല്‍ നെറ്റ്‍വർക്ക് എത്തിക്കാന്‍ കഴിയാത്തയിടങ്ങളില്‍ ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി വഴി കണക്റ്റിവിറ്റി എത്തിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ ടെലികോം ഭീമന്‍മാരുമായി വരാനിരിക്കുന്ന സാറ്റ്‍ലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങളില്‍ ശക്തമായ മത്സരത്തിന് ഞങ്ങളും തയ്യാറാണ് എന്ന സൂചനയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 

Read more: ബിഎസ്എന്‍എല്‍ 5ജി കൈയെത്തും ദൂരത്ത്; ഇതാ സന്തോഷ വാർത്ത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!