ദില്ലി: പശ്ചിമ ബംഗാളിലെ 10-ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന് പോലീസ്. അതേസമയം, മറ്റൊരിടത്ത് ഗെയിം കളിച്ച അഞ്ചാം ക്ലാസുകാരനെ അധ്യപകര്‍ ഇടപെട്ട് ആത്മഹത്യയില്‍ നിന്നും രക്ഷപെടുത്തി. മിഡ്‌നാപൂരിലെ ആനന്ദ്പൂര്‍ സ്വദേശി അങ്കന്‍ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്.
സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന ശേഷം കംപ്യൂട്ടറില്‍ കളിക്കുകയായിരുന്നു കുട്ടി. ഭക്ഷണത്തിന് മുന്‍പ് കുളിക്കണം എന്ന് പറഞ്ഞ് പോയശേഷം കാണാതിരുന്നപ്പോള്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു. ഒരു പ്ലാസ്റ്റിക്ക് ബാഗുകൊണ്ട് തലമൂട്ടി ശ്വസം മുട്ടിയാണ് അങ്കന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.
ഊരിപ്പൊകാതിരിക്കുന്നതിന് കയര്‍കൊണ്ട് കെട്ടിയിരുന്നു. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരീകരിക്കുകയായിരുന്നു. അങ്കനിന്റെ സുഹൃത്തുക്കളാണ് ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം പൊലീസിനോട് പറഞ്ഞത്. അതേസമയം, ഡെറാഡൂണില്‍ ഗെയിമിനിരയായ അഞ്ചാം ക്ലാസുകാരനെ അധ്യാപകര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
എല്ലാ പ്രവര്‍ത്തികളിലും സജീവമായി പങ്കെടുത്തിരുന്ന കുട്ടി കളി സമയത്ത് മറ്റു കൂട്ടുകാരോടൊപ്പം ചേരാതെ തനിച്ച് വിഷാദമൂകനായി ഇരിക്കുന്നത് കണ്ട അധ്യാപകന്‍ കാരണമന്വേഷിച്ചപ്പോഴാണ് ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. സുഹൃത്തുക്കളാണ് ഗെയിമിനെ കുറിച്ച് പറഞ്ഞതെന്നും കുട്ടി അധ്യാപകരോട് അറിയിച്ചു.
കുട്ടി വിഷാദത്തിലാണെന്നത് അമ്മ ശ്രദ്ധിച്ചിരുന്നെങ്കിലും ഗെയിം കളിക്കുന്നത് അവഗണിക്കുകയായിരുന്നു. കുട്ടിക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളില്‍ നിന്ന് കൗണ്‍സിലിങ്ങ് നല്‍കി.