ഇന്‍ഡോര്‍: ഇന്ത്യക്കാരുടെ ബാങ്ക് വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ച് പാകിസ്ഥാന്‍ ഹാക്കര്‍ സംഘം. മധ്യപ്രദേശ് പോലീസിന്‍റെ സൈബര്‍ വിഭാഗമാണ് ഈ ഗ്യാങ്ങിനെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഓണ്‍ലൈനിലെ ഹാക്കിംഗ് വിവരങ്ങളും മറ്റും വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഡാര്‍ക്ക് വെബിലാണ് 500 രൂപയ്ക്ക് ഇന്ത്യക്കാരുടെ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും, സിവിവി നമ്പറും അടക്കം ലഭിക്കുന്നത്.
ഈ വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്നത് ഒരു അന്താരാഷ്ട്ര സംഘമാണെന്ന് പറയുന്നു ഇന്‍ഡോര്‍ പോലീസ്. ഇതിന്‍റെ നേതൃത്വം പാകിസ്ഥാനിലെ ലാഹോര്‍ ആണെന്ന് പറയുന്നു. ഇന്‍ഡോര്‍ പോലീസിലെ ഒരു ഡിക്റ്റക്ടീവ് ഇവരുടെ ഉപയോക്താവ് എന്ന വ്യാജേന ഒരു ഇന്‍ഡോര്‍ യുവതിയുടെ വിവരങ്ങള്‍ വാങ്ങി.
ഇത് വഴി നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോഴാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് അറിഞ്ഞത്. ഡാര്‍ക്ക് വെബില്‍ നിന്നും ഇവരോട് വിവരങ്ങള്‍ വാങ്ങുന്നവര്‍ പ്രതിഫലമായി പണം നല്‍കേണ്ടത് ബിറ്റ്കോയിനിലാണ്.
മധ്യപ്രദേശ് സ്വദേശിയായ ജയ് കിഷന്‍ ഗുപ്ത എന്ന വ്യക്തി തന്‍റെ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും 72,401 രൂപ നഷ്ടപ്പെട്ടുവെന്ന് ആഗസ്റ്റ് 28ന് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയാണ് ഇത്തരം ഒരു അന്വേഷണത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അന്താരാഷ്ട്ര സൈറ്റുകളില്‍ ഒടിപി ആവശ്യമില്ലാതെ ഇടപാടുകള്‍ നടത്താം എന്നതിനാല്‍ ഈ ഗ്യാങ്ങിന് വിവരങ്ങള്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും.