'എഐ ഡോക്ടറെ' വികസിപ്പിക്കുന്നു; ടെക് ലോകത്ത് അടുത്ത വിസ്‌മയത്തിന് ആപ്പിള്‍- റിപ്പോർട്ട്

ഹെൽത്ത് ആപ്പിൽ ഒരു എഐ അധിഷ്‍ഠിത ആരോഗ്യ പരിശീലകനെ ആപ്പിള്‍ ചേർക്കുന്നതായി ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്

Apple working on AI doctor for iPhone Health app

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് വമ്പൻ മുന്നേറ്റത്തിന് ടെക്ക് ഭീമനായ ആപ്പിൾ വീണ്ടും ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനി തങ്ങളുടെ ഹെൽത്ത് ആപ്പ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്യാനും അതിൽ 'എഐ ഡോക്ടർ' പോലുള്ള സവിശേഷതകൾ ചേർക്കാനും പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ കമ്പനിക്ക് കഴിയുമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ് ഈ നീക്കം. ആപ്പിൾ മനുഷ്യരാശിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന എന്തായിരുന്നു എന്ന ചോദ്യം ഭാവിയിൽ ചോദിക്കുകയാണെങ്കിൽ അത് ആരോഗ്യത്തെക്കുറിച്ചായിരിക്കും എന്ന് 2019-ലെ ഒരു ആശയവിനിമയത്തിനിടെ ടിം കുക്ക് പറഞ്ഞിരുന്നു.

എഐ ഡോക്ടറിനായ ആപ്പിൾ 'പ്രോജക്റ്റ് മൾബറി'യിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതിനനുസരിച്ച് ഹെൽത്ത് ആപ്പിൽ ഒരു എഐ അധിഷ്‍ഠിത ആരോഗ്യ പരിശീലകനെ ചേർക്കും. ഈ എഐ ഏജന്‍റ് ഉപയോക്താക്കളുടെ ആരോഗ്യ ഡാറ്റ വിശകലനം ചെയ്യുകയും ഒരു ഡോക്ടറുടെ പ്രാരംഭ വിശകലനത്തിന് സമാനമായ ശരിയായ ഉപദേശം നൽകുകയും ചെയ്യും. പുതിയ ഹെൽത്ത് ആപ്പ് ഐഫോൺ, ആപ്പിൾ വാച്ച്, ഇയർബഡുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള ഡാറ്റ എടുക്കും. ഉപയോക്താവിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തിഗത ശുപാർശകൾ നൽകുന്നതിന് എഐ പിന്നീട് ഈ ഡാറ്റ ഉപയോഗിക്കും.

Latest Videos

ആപ്പിളിന്‍റെ എഐ ഏജന്‍റിന് നിലവിൽ കമ്പനിയുടെ സ്വന്തം ഡോക്ടർമാരിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് പരിശീലനം നൽകുന്നുണ്ടെന്നും ബാഹ്യ ഡോക്ടർമാരെ ഉടൻ തന്നെ ഇതിൽ ഉൾപ്പെടുത്തുമെന്നും പറയുന്നു. ഡോക്ടർമാർക്ക് വീഡിയോ ഉള്ളടക്കം റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഒരു പുതിയ സ്റ്റുഡിയോ ആപ്പിൾ കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ ആരംഭിക്കുന്നുണ്ട്. ആപ്പിന്‍റെ മുഖമാകാൻ കഴിയുന്ന ഒരു മികച്ച ഡോക്ടറെയും കമ്പനി അന്വേഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

എപ്പോൾ ലോഞ്ച് ചെയ്യും?

ഈ പുതിയ ഹെൽത്ത് ആപ്പ് ഐഒഎസ് 19.4-നൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ലെ വേള്‍ഡ് വൈഡ് ഡവലപ്പേര്‍സ് കോണ്‍ഫറന്‍സിൽ ഐഒഎസ് 19 പ്രഖ്യാപിക്കും. 2025 സെപ്റ്റംബറിൽ ഐഫോൺ 17-നൊപ്പം അപ്‌ഡേറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ എഐയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഗൂഗിൾ, സാംസങ് പോലുള്ള എതിരാളികളെപ്പോലെ വേഗത്തിൽ ഫീച്ചറുകൾ ചേർക്കാൻ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം WWDC 2024-ൽ ആപ്പിൾ ഐഒഎസ് 18-നൊപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാഴ്‌ചപ്പാട് അവതരിപ്പിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ഗൂഗിളും സാംസങും 'സർക്കിൾ ടു സെർച്ച്' പോലുള്ള നിരവധി നൂതന സവിശേഷതകൾ പുറത്തിറക്കിയിരുന്നു.

Read more: ആദ്യത്തെ മടക്കാവുന്ന ഐഫോൺ പണിപ്പുരയിലെന്ന് റിപ്പോർട്ട്, എന്തൊക്കെ പ്രതീക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!