ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഐഫോണിന്‍റെ നിയന്ത്രണം 'മറ്റൊരാള്‍' റാഞ്ചും; മുന്നറിയിപ്പുമായി ആപ്പിള്‍

By Web Team  |  First Published Jul 11, 2024, 7:17 PM IST

മറ്റൊരു പെഗാസസ് ഭീഷണിയോ? ഐഫോണ്‍ ഉപഭോക്താക്കള്‍ ജാഗ്രതൈ, കര്‍ശന മുന്നറിയിപ്പുമായി ആപ്പിള്‍


ദില്ലി: ഇന്ത്യ അടക്കമുള്ള 98 രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിള്‍. പെഗാസസ് മാതൃകയില്‍ മെര്‍സിനെറി സ്പൈവെയർ ആക്രമണത്തിന് സാധ്യതയുണ്ട് എന്നാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്. 

ഐഫോണ്‍ ഉപഭോക്താക്കളെ വീണ്ടും ആശങ്കയിലാഴ്‌ത്തുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഈ വര്‍ഷം രണ്ടാം തവണയാണ് സ്പൈവെയർ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പ് ആപ്പിള്‍ പുറപ്പെടുവിക്കുന്നത്. 92 രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആപ്പിള്‍ സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ ആപ്പിള്‍ ഐഡിയുമായി ബന്ധപ്പെട്ട ഐഫോണില്‍ സ്പൈവെയർ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായി ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്. മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്ന നിര്‍ദേശവും ആപ്പിള്‍ പുറപ്പെടുവിച്ച സന്ദേശത്തിലുണ്ട്. മൊബൈല്‍ ഫോണിന്‍റെ നിയന്ത്രണം ഉടമയുടെ അറിവില്ലാതെ മറ്റൊരാള്‍ ഏറ്റെടുക്കുന്നതാണ് സ്പൈവെയർ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണത്തില്‍ സംഭവിക്കുക. 

Latest Videos

undefined

ഇപ്പോഴത്തെ സ്പൈവെയർ ആക്രമണ സാധ്യത സംബന്ധിച്ച് മറ്റേതൊക്കെ രാജ്യങ്ങളിലാണ് ആപ്പിള്‍ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. 2021 മുതല്‍ ആപ്പിള്‍ ഇത്തരത്തില്‍ മാല്‍വേര്‍ ആക്രമണ സാധ്യതകളെ കുറിച്ച് 150ലേറെ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

മറ്റ് സൈബര്‍ ആക്രമണങ്ങളെ അപേക്ഷിച്ച് ചിലവേറിയതും കൃത്യമായി ആളുകളെ ലക്ഷ്യമിട്ടുള്ളതുമാണ് ഇത്തരം മാല്‍വെയര്‍ അറ്റാക്കുകള്‍. റിമോട്ടായി ഐഫോണിലെ വളരെ നിര്‍ണായകമായ വിവരങ്ങളിലേക്കും ചാറ്റുകളിലേക്കും കോളുകളിലേക്കും ക്യാമറയിലേക്കും മൈക്രോഫോണിലേക്കും വരെ സ്പൈവെയര്‍ ഉപയോഗിച്ച് ആക്രമികള്‍ കടന്നുകയറും. ഈ രീതിയിലുള്ള മാല്‍വേര്‍ ആക്രമണങ്ങള്‍ കണ്ടെത്തുക വളരെ പ്രയാസമാണ്. ഇസ്രയേല്‍ സോഫ്റ്റ്‌വെയർ കമ്പനിയായ എൻ.എസ്.ഒ പെഗാസസ് എന്ന സ്പൈവെയര്‍ ഉപയോഗിച്ച് മുമ്പ് സെലിബ്രിറ്റികളും ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരും രാഷ്ട്രീയവും സാമൂഹികവുമായി ഇടപെടല്‍ നടത്തുന്നവരുമായ ഐഫോണ്‍ ഉപഭോക്താക്കളുടെ ഫോണുകളില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിന് കുപ്രസിദ്ധരാണ്. 

Read more: ഉറക്കത്തിന് റേറ്റിംഗ് ഇടും, മുന്നറിയിപ്പുകള്‍ തരും; ആര്‍ത്തവചക്രം വരെ തിരിച്ചറിയുന്ന സാംസങ് റിങിന് വിലയെത്ര?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!