ഐ. ഫോൺ ഇമോജികളുടെ കൂട്ടത്തിലേക്ക് വീണ്ടും പുതിയ അതിഥികൾ എത്തുന്നു. കഴിഞ്ഞ ജൂലൈയിൽ ഏതാനും ഇമോജികളുടെ കരട് പതിപ്പ് പുറത്തുവിട്ടിരുന്നു. ഇവക്ക് യുനീകോഡ് കൺസോർഷ്യത്തിന്റെ അംഗീകാരം ലഭിക്കുകയും യുനീകോഡ് 10ന്‍റെ ഭാഗമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അമേരിക്കയിലെ കൂപ്പർടിനോ ആസ്ഥാനമായുള്ള ടെക് കമ്പനിയാണ് ഐ ഫോണിനും ഐ പാഡിനുമായി പുതിയ ഇമോജികളുമായി എത്തിയത്. ഇവ ഐ ഓപ്പറേറ്റിങ് സിസ്റ്റം 11.1ന്‍റെ ഭാഗമായി മാറും.
ഭക്ഷണം, മൃഗങ്ങൾ, ഭിന്നലിംഗക്കാർ തുടങ്ങിയവ പുതിയ ഇമോജികളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ വർഷം ആദ്യത്തിൽ കമ്പനി പ്രദർശിപ്പിച്ച 30ഓളം ഇമോജികളും ആപ്പിളിന്റെ ശേഖരത്തിൽ എത്തും.
തലമറച്ച സ്ത്രീ, താടിവെച്ചയാൾ, മുലയൂട്ടുന്ന സ്ത്രീ തുടങ്ങിയ ഇമോജികൾ നേരത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ചർച്ചയായിരുന്നു. ആംഗ്യഭാഷയിൽ ഐ ലവ് യു എന്ന് പറയുന്നതും നേരത്തെ ഉൾപ്പെടുത്തിയിരുന്നു.