മിഴി തുറക്കാന്‍ ആപ്പിള്‍ ഇന്‍റലിജന്‍സ്; ഐഒഎസ് 18.1 ലോഞ്ച് തിയതിയായി, വരിക അത്ഭുത ഫീച്ചറുകള്‍

By Web TeamFirst Published Oct 8, 2024, 10:28 AM IST
Highlights

ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സ് വമ്പന്‍ ഫീച്ചറുകളോടെ 18.1 അപ്‌ഡേറ്റിനൊപ്പം വരുന്നു 

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സ് ഐഫോണുകളിലേക്ക് വരുന്നു. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെ ഐഒഎസ് 18.1 അപ്‌ഡേറ്റ് ഈ മാസം അവസാനം വരുമെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്.

ഒക്ടോബര്‍ അവസാനത്തോടെ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ഐഒഎസ് 18.1 ഒഎസ് അപ്‌ഡേറ്റിനൊപ്പമാണ് ആദ്യഘട്ട ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. ഒക്ടോബര്‍ 28ന് ഈ അപ്‌ഡേറ്റും എഐ ഫീച്ചറുകളും ഐഫോണ്‍ പ്രേമികള്‍ക്ക് ലഭ്യമായിത്തുടങ്ങും എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഐഫോണ്‍ ഉപയോഗം മെച്ചപ്പെടുത്താനും സര്‍ഗാത്മകത കൂട്ടാനും ആപ്പിള്‍ ഇന്‍റലിജന്‍സ് വഴി കഴിയും. എഴുതാനും എഡിറ്റ് ചെയ്യാനും കഴിയുന്ന എഐ ഫീച്ചറുകള്‍ ആദ്യഘട്ടത്തില്‍ ഐഫോണുകളിലേക്ക് വരും. ഐഒഎസ് 18ന്‍റെ വരും അപ്‌ഡേറ്റുകളില്‍ കൂടുതല്‍ എഐ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെടും. 

Latest Videos

ആപ്പിള്‍ ഇന്‍റലിജന്‍സില്‍ മറ്റെന്തെല്ലാം

ഡാള്‍-ഇയ്ക്ക് സമാനമായി ടെക്സ്റ്റുകള്‍ നല്‍കിയാല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഇമേജ് പ്ലേഗ്രൗണ്ടാണ് വരാനിരിക്കുന്ന ഒരു എഐ ഫീച്ചര്‍. ഇത് നോട്ട്സ്, മെസേജസ്, മെയില്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കും. ഇവയുടെ ഉള്ളടക്കത്തിനൊപ്പം ചിത്രങ്ങള്‍ സൃഷ്ടിക്കാനും ചേര്‍ക്കാനും ഇമേജ് പ്ലേഗ്രൗണ്ട് ടൂള്‍ സഹായിക്കും. ആപ്പിളിന്‍റെ വോയിസ് കണ്‍ട്രോള്‍ സംവിധാനമായ സിരി പുത്തന്‍ ലുക്കില്‍ ആപ്പിള്‍ ഇന്‍റലിജന്‍സില്‍ എത്തും. പുതിയ അപ്‌ഡേറ്റ് സിരിയെ കൂടുതല്‍ കാര്യക്ഷമമാക്കും എന്നാണ് പ്രതീക്ഷ. തേഡ്-പാര്‍ട്ടി ആപ്പുകളില്‍ നിന്നുള്‍പ്പടെയുള്ള നോട്ടിഫിക്കേഷനുകളുടെ ചുരുക്കവും അലര്‍ട്ടും ലഭ്യമാക്കുന്ന നോട്ടിഫിക്കേഷന്‍ സമ്മറി ഫീച്ചറും ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ആദ്യഘട്ട ഫീച്ചറുകളിലുണ്ടാകും. 

ആപ്പിളിന്‍റെ സ്വന്തം വെബ്‌ബ്രൗസറായ സഫാരിയില്‍ വെബ്‌പേജുകളുടെ സമ്മറി ലഭ്യമാക്കുന്ന വെബ്‌പേജ് സമ്മറി ഓപ്ഷനും വരാനിരിക്കുന്ന ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളിലുണ്ട്. നോട്ടുകളും മെയിലുകളും മെസേജുകളും തയ്യാറാക്കാന്‍ എഐ ടൂള്‍, മെയിലിനും മെസേജുകള്‍ക്കും സ്‌മാര്‍ട്ട് റിപ്ലൈ ചെയ്യാനുള്ള സംവിധാനം, ഇമേജ് എഡിറ്റിംഗ് ടൂളായ ക്ലീന്‍-അപ് ഇന്‍ ഫോട്ടോസ്, മൂവി സമ്മറി എന്നീ ഫീച്ചറുകളും ആദ്യഘട്ടത്തില്‍ ആപ്പിള്‍ ഇന്‍റലിജന്‍സിലേക്ക് വരുമെന്നാണ് വിവരം. 

Read more: ഇതുതന്നെ ബെസ്റ്റ് ടൈം; വെറും 30,000 രൂപയ്ക്ക് ഐഫോണ്‍ 15, എയര്‍പോഡിനും വമ്പിച്ച വിലക്കുറവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!