ദില്ലി: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പോളോ ആശുപത്രിയിൽ നിന്നും ചോർത്തിയെന്ന അവകാശവാദവുമായി ലീജിയൻ എന്ന ഹാക്കർ ഗ്രൂപ്പ് രംഗത്ത്. ചോർത്തിയ വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ രാജ്യത്ത് കലാപമുണ്ടാകുമെന്നും അതിനാൽ പുറത്തുവിടുന്നില്ലെന്നുമാണ് ഇവരുടെ വാദം.
വിജയ് മല്യ, രാഹുൽ ഗാന്ധി, പ്രമുഖ മാധ്യമപ്രവർത്തകരായ രവീഷ് കുമാർ, ബർഖ ദത്ത് എന്നിവരുടെ ഒഫിഷ്യൽ അക്കൗണ്ടുകൾക്ക് പുറമേ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്തത് തങ്ങളാണെന്നാണ് ഇവരുടെ അവകാശവാദം. വാഷിംഗ്ടൺ പോസ്റ്റാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ഹാക്കർമാരുമായി നടത്തിയ ചാറ്റിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് വ്യക്‌തമാക്കുന്നത്. സർക്കാർ, ബാങ്കിംഗ് മേഖലയാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്നും പണരഹിതമായ വിപണിയിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും ലീജിയൻ വ്യക്‌തമാക്കുന്നു.