മുംബൈ: രാജ്യത്തെ മൊബൈല്‍ രംഗത്ത് മത്സരങ്ങള്‍ കമ്പനികളുടെ വീഴ്ചകളിലേക്ക് നയിക്കുകയാണ്. ജിയോ തരംഗവും തുടര്‍ന്ന് നിരക്കുകളില്‍ വന്ന മാറ്റങ്ങളും ബിസിനസ് അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ് ആര്‍കോം മേധാവി അനിൽ അംബാനിയെ. തങ്ങളുടെ 2 ജി മൊബൈൽ സേവനത്തില്‍ നിന്നും പിന്മാറുകയാണ് ചെറിയ അംബാനി. നവംബർ മുപ്പതോടെ മൊബൈൽ സംഭാഷണത്തിന് അനിൽ അംബാനിയുടെ കമ്പനി ഉണ്ടാകില്ല.
ഇതോടെ അടുത്തവർഷം രാജ്യത്തു സ്വകാര്യ മേഖലയിൽ മൂന്നു ടെലികോം കമ്പനികളെ ഉണ്ടാകൂ എന്നതാണവസ്ഥ. മിത്തൽ കുടുംബത്തിന്റെ എയർടെൽ, മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ബ്രിട്ടീഷ് കമ്പനി വോഡഫോണും ആദിത്യബിർള ഗ്രൂപ്പിന്റെ ഐഡിയയും ഒന്നിച്ചുണ്ടാകുന്ന കമ്പനി എന്നിവ. പൊതുമേഖലയിലെ ബിഎസ്എൻഎലും എംടിഎൻഎലും രംഗത്തു തുടരും.
ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ മൊബൈല്‍ ബിസിനസ് എയർടെലിനു വിറ്റിരുന്നു. അവശേഷിച്ചിരുന്ന ചില ചെറുകമ്പനികളെ മറ്റു കമ്പനികളെ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനകം വാങ്ങിക്കൂട്ടിയിരുന്നു. കേരളമൊഴിച്ചുള്ള സർക്കിളുകളിലൊന്നും ബിഎസ്എൻഎൽ ശക്തമല്ലാത്തതിനാൽ മൂന്നു സ്വകാര്യ കുത്തകകളിലേക്കു മൊബൈൽ ബിസിനസ് ഒതുങ്ങി എന്നു പറയാം.
അനിൽ അംബാനിയുടെ കമ്പനി നേരത്തേ ടവർ ബിസിനസ് വിറ്റിരുന്നു. മൊബൈൽ ടെലിഫോണി വിടുമ്പോള്‍ ചെറിയൊരു ഡാറ്റാ ബിസിനസിലേക്കു കമ്പനി ചുരുങ്ങും. മൂവായിരത്തോളം ജീവനക്കാർ ആർകോമിലുണ്ട്. ഇതിൽ 1200 പേർക്കു പണി നഷ്ടപ്പെടും എന്നാണ് കമ്പനി പറയുന്നത്.
ആർകോമിന്റെ ഒട്ടേറെ ജോലികൾ പുറം ജോലി കരാർ വഴിയാണു നടത്തുന്നത്. ആ കരാറുകളിലെ ജോലിക്കാർക്കും പണി പോകും. അത് കമ്പനി ജോലിക്കാരെക്കാള്‍ അധികമായിരിക്കും.