പരസ്പരം പിണഞ്ഞ് കിടക്കുന്ന മമ്മികള്‍; നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യം ചുരുളഴിയുന്നു?

By Web Desk  |  First Published Feb 6, 2018, 4:41 PM IST

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ നിന്നും കണ്ടെടുത്ത മമ്മികള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവസാനിച്ച ഒരു സംസ്കാരത്തിലേക്ക് വെളിച്ചം വീശും എന്ന പ്രതീക്ഷയില്‍ ചരിത്രകാരന്മാര്‍. പരസ്പരം പിണഞ്ഞ് കിടക്കുന്ന 2,400 വര്‍ഷം പഴക്കമുള്ള മമ്മികളെയാണ് പുരാവസ്തുഗവേഷക ജിമേന റിവേറ എസ്‌കാമില്ലയുടെ നേതൃത്വത്തില്‍ നടന്ന അഞ്ച് മാസം നീണ്ട പര്യവേഷണത്തിലൂടെ പുറംലോകത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തിച്ചത്.  മെക്സിക്കോയിലെ റോയല്‍ ആന്റ് പോന്‍ഡിഫിക്കല്‍ സര്‍വ്വകലാശാലയിലെ പ്രസംഗകേന്ദ്രത്തോട് ചേര്‍ന്നു നടത്തിയ പര്യവേഷണത്തിലാണ് 1.5 മീറ്റര്‍ താഴെനിന്നും ഈ മമ്മികള്‍ ലഭിച്ചത്. ആദ്യമായാണ് ഈ പ്രദേശത്തുനിന്നും ഇത്രയേറെ മമ്മികളുടെ ശേഖരം ലഭിക്കുന്നത്.

ലാറ്റിനമേരിക്കയുടെ വലിയൊരുഭാഗം നൂറ്റാണ്ടുകള്‍ ഭരിച്ചിരുന്ന മായന്മാര്‍ എട്ട്, ഒന്‍പത് നൂറ്റാണ്ടുകളിലാണ് നശിച്ചുപോകുന്നത്. മായന്‍ സംസ്‌ക്കാരം തകരാനുള്ള കാരണങ്ങളെ ചൊല്ലിയുള്ള വാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഏകദേശം ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന കൊടുംവരള്‍ച്ചയാണ് മായന്‍ സംസ്‌ക്കാരത്തിന് അറുതി കുറിച്ചതെന്നാണ് വാദങ്ങളിലൊന്ന്. മരണത്തെചൊല്ലി വലിയ ഭീതിയുണ്ടായിരുന്നവരാണ് മായന്‍ വംശജര്‍. പിശാച് മനുഷ്യന്റെ ആത്മാവിനെ മോഷ്ടിക്കുമ്പോഴാണ് മരണം സംഭവിക്കുന്നതെന്നായിരുന്നു അവരുടെ വിശ്വാസം. മരണശേഷമുള്ള മായന്മാരുടെ ആചാരങ്ങളെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 

Latest Videos

undefined

പരസ്പരം പിണഞ്ഞ് കിടക്കുന്ന കുറേയേറെ മമ്മികള്‍, ആരെയും ഞെട്ടിപ്പിക്കുന്നതും അദ്ഭുതപ്പെടുത്തുന്നതുമായ അവശേഷിപ്പിക്കുകളാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. പരസ്പരം പിരിഞ്ഞുകിടന്നിരുന്ന ഈ മമ്മികള്‍ക്കൊപ്പം മണ്‍പാത്രങ്ങളും അലങ്കാരവസ്തുക്കളും ചില മമ്മികളുടെ കൈകളില്‍ പ്രത്യേകതരം കല്ലുകളുമെല്ലാം വെച്ചിട്ടുണ്ടായിരുന്നു. 

ഓരോ മമ്മിയുടേയും കൈകള്‍ മറ്റൊന്നിന്റെ ഇടുപ്പോട് ചേര്‍ത്തുവെച്ച നിലയിലാണ്. രണ്ട് മീറ്റര്‍ മാത്രം വിസ്തൃതിയിലാണ് പത്ത് മനുഷ്യരെ സംസ്‌ക്കരിച്ചിരിക്കുന്നത്. ഇതില്‍ എട്ടുപേര്‍ ചെറുപ്പക്കാരും ഒന്ന് മൂന്നിനും അഞ്ചിനും ഇടക്ക് പ്രായമുള്ള കുഞ്ഞുമാണെന്നാണ് കരുതുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞും സംസ്‌ക്കരിക്കപ്പെട്ടവരില്‍ പെടുന്നു.

 മായന്‍ സംസ്‌ക്കാരത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാണ് ഈ മമ്മികളെന്നാണ് പുരാവസ്തുഗവേഷകരുടെ പ്രതീക്ഷ. അതേസമയം, മേഖലയില്‍ ഇരുപതോളം സമാനമായ ശവകുടീരങ്ങളുണ്ടെന്ന പ്രതീക്ഷയിലാണ് ജിമേനയും സംഘവും. കണ്ടെത്തിയ മമ്മികളുടെ പ്രാഥമിക പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. ഇതില്‍ രണ്ട് അസ്ഥികൂടങ്ങള്‍ സ്ത്രീകളുടേതും ഒരെണ്ണം പുരുഷന്റേതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

click me!