ഒരേസമയം ശബ്‍ദം മനസിലാക്കാനും ശബ്‍ദം സൃഷ്ടിക്കാനും കഴിയുന്ന എഐ സംവിധാനമാണ് നോവ സോണിക്
കാലിഫോര്‍ണിയ: നോവ സോണിക് എന്ന പേരിൽ ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡൽ പുറത്തിറക്കി ടെക് ഭീമന്‍മാരായ ആമസോൺ. ഒരേസമയം ശബ്‍ദം മനസിലാക്കാനും ശബ്‍ദം സൃഷ്ടിക്കാനും കഴിയുന്ന ഒരു സംവിധാനമാണിത്. ആമസോൺ ബെഡ്‌റോക്കിലെ ഒരു പുതിയ എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്‍റർഫേസ്) വഴി ഈ മോഡൽ ലഭ്യമാകും.
മനുഷ്യരെപ്പോലെ സ്വാഭാവികമായി ഇടപെടാൻ കഴിയുന്ന എഐ അധിഷ്ഠിത ആപ്പുകൾ സൃഷ്ടിക്കുന്നത് നോവ സോണിക് എളുപ്പമാക്കുമെന്ന് ആമസോൺ പറയുന്നു. കസ്റ്റമർ സർവീസ്, യാത്ര, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദം തുടങ്ങിയ വിവിധ മേഖലകളിലെ എഐ ഏജന്‍റുമാരുമായി എളുപ്പത്തിലും സ്വാഭാവികമായും ഇടപഴകലുകൾ നൽകുന്നതിലൂടെ വോയ്‌സ് ആപ്ലിക്കേഷൻ വികസനത്തിൽ നോവ സോണിക് സഹായിക്കുമെന്നും കമ്പനി പറയുന്നു.
നോവ സോണിക്കിന് 1.09 സെക്കൻഡ് പ്രതികരണ ലേറ്റൻസി ഉണ്ടെന്ന് ആമസോൺ പറയുന്നു. ഇത് ഓപ്പൺഎഐയുടെ GPT-4o യുടെ 1.18 സെക്കൻഡിനെ മറികടക്കുന്നു. കൂടാതെ ശബ്‍ദാനമയമായ അന്തരീക്ഷത്തിലോ കുറഞ്ഞ ശബ്‍ദത്തിലോ പോലും ഉപയോക്താക്കളെ മനസിലാക്കാൻ ഈ മോഡലിന് കഴിയും. ഓപ്പൺഎഐയുടെ GPT-4o നെ അപേക്ഷിച്ച് 80 ശതമാനം വരെ ചെലവ് ലാഭിക്കുന്ന, ഏറ്റവും ചെലവ് കുറഞ്ഞ വോയ്‌സ് എഐ മോഡലാണ് നോവ സോണിക്കെന്നും ആമസോൺ പറയുന്നു.
ഒന്നിലധികം എഐ മോഡലുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടിവരുന്ന വോയ്‌സ് ആപ്പുകൾ നിർമ്മിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ നോവ സോണിക് മറികടക്കുമെന്നും ആമസോൺ പറയുന്നു. ഈ പുതിയ മോഡൽ ശബ്‍ദം മനസിലാക്കുക, ശബ്‍ദം സൃഷ്‍ടിക്കുക എന്നീ രണ്ട് ജോലികളും ഒരേ മോഡലിൽ ചെയ്യുന്നു. അതുകൊണ്ട് കേൾക്കുന്ന ഇൻപുട്ടിനെ അടിസ്ഥാനമാക്കി എഐക്ക് അതിന്റെ ശബ്‍ദം മാറ്റാൻ കഴിയും. അങ്ങനെ അത് മനുഷ്യ സംഭാഷണം പോലെ തോന്നിപ്പിക്കും. ഏത് ടോൺ, സ്റ്റൈൽ, വേഗത എന്നിവ ഉപയോഗിച്ചാണ് പ്രതികരിക്കേണ്ടതെന്ന് മനസിലാക്കാനും നോവ സോണിക്ക് കഴിയും.
മനുഷ്യ സംഭാഷണങ്ങളുടെ സൂക്ഷ്മതകൾ ഉൾപ്പെടെയുള്ളവ നോവ സോണിക് കൃത്യമായി മനസിലാക്കുന്നുവെന്ന് ആമസോൺ പറയുന്നു. ഉപയോക്താവിന്‍റെ ശബ്‍ദത്തിൽ നിന്ന് ടെക്‌സ്‌റ്റ് സൃഷ്‌ടിക്കാനും നോവ സോണിക്കിന് സാധിക്കും. ഇത് മറ്റ് ഡിവൈസുകളുമായും എപിഐകളുമായും സംയോജിച്ച് പ്രവർത്തിക്കാൻ അനുവദിക്കുന്നു. തത്സമയ ഫ്ലൈറ്റ് വിവരങ്ങൾ ആക്‌സസ് ചെയ്‌ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നഎഐ പവർഡ് ട്രാവൽ ഏജന്‍റ് പോലുള്ള മികച്ച വോയ്‌സ് എഐ ഏജന്‍റുമാരെ സൃഷ്‍ടിക്കാൻ നോവ സോണിക് ഉപയോഗിക്കാം.
Read more: വെല്ലുവിളിച്ചെത്തിയ ഡീപ് സീക്കിനെ നേരിടുക തന്നെ ലക്ഷ്യം; പുതിയ എഐ മോഡലുകൾ പുറത്തിറക്കി മെറ്റ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം