ദില്ലി: ആമസോണിന്‍റെ ഇ ഇങ്ക് റീഡറായ കിന്‍ഡില്‍ പുതിയ പ്രത്യേകതയുമായി രംഗത്ത്. പുസ്തകത്തിന്‍റെ വായന അനുഭവം ലഭിക്കുന്നു എന്നതാണ് ഈ ഉത്പന്നത്തെ ഹിറ്റാക്കിയത്. ഇപ്പോഴിതാ വെള്ളത്തെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ള റീഡറുമായി എത്തുകയാണ് ആമസോണ്‍. കൂടുതല്‍ മികച്ച സേവനങ്ങളുമായാണ് ആമസോണ്‍ പുതിയ ഉത്പന്നം ഇറക്കുന്നത്. കിന്‍ഡില്‍ ഒയാസിസ് എന്നാണ് പുതിയ പതിപ്പിന്‍റെ പേര്.
വലിയ സ്‌ക്രീനും, ഓഡിയോ ബുക്ക് സൗകര്യങ്ങളും ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. വാട്ടര്‍ പ്രൂഫ് എന്നത് തന്നെയാണ് കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്. ഉപ്പ് വെള്ളത്തിലും ഒയാസിസിനോരു കുഴപ്പവും ഉണ്ടാകില്ല. അഞ്ചടി വരെ താഴ്ചയില്‍ ഒയാസിസ് സുഗമമായി മുക്കി പിടിക്കുവാന്‍ സാധിക്കുമെന്നാണ് ആമസോണിന്റെ അവകാശവാദം.
ആമസോണിന്റെ സ്‌റ്റോറുകളില്‍ നിന്നും ലഭിക്കുന്ന ഓഡിയോ ബുക്കുകള്‍ കേള്‍ക്കുവാനുള്ള സൗകര്യവും പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന. 7, 6 ഇഞ്ച് ഡിസ്‌പ്ലേ സൈസില്‍ എട്ട് ജി.ബി, 4 ജി.ബി മെമ്മറിയോട് കൂടിയാണ് ഒയാസിസ് വിപണിയിലെത്തുക.
ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാവില്ല പകരം ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. എന്നാല്‍ കിന്‍ഡിലിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായ ലോങ് ലാസ്റ്റിങ് ബാറ്ററി ലൈഫ് എത്രമാത്രം ഫലപ്രദമാണെന്ന് സംശയമാണ്. നേരത്തത്തെ ഇ ബുക്കിന്‍റെ ബാറ്ററി ലൈഫ് എന്നത് ഒരു ദിവസങ്ങളോളമായിരുന്നു.