പോര്‍ട്ട്ലാന്‍റ്: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അസിസ്റ്റന്‍റായ ആമസോണ്‍ എക്കോ വിവാദത്തില്‍. അമേരിക്കയിലെ ഒറീഗണിലെ പോര്‍ട്ട് ലാന്‍റ് സ്വദേശികളായ ദമ്പതികള്‍ക്കാണ് ആമസോണ്‍ എക്കോ സ്പീക്കര്‍ പണി കൊടുത്തത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും, നിങ്ങള്‍ക്ക് വേണ്ടി ആവശ്യമായ പാട്ടുകള്‍ പ്ലേ ചെയ്യുകയും ഒക്കെ ചെയ്യുന്ന എഐ അധിഷ്ഠിത സ്പീക്കറാണ് ആമസോണ്‍ എക്കോ.
എന്നാല്‍ ദമ്പതികള്‍ക്ക് കിട്ടിയ പണി ഇങ്ങനെയാണ്, വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു ആമസോണ്‍ എക്കോ സ്പീക്കര്‍ ദമ്പതിമാര്‍ അവരുടെ മുറിയില്‍ സ്ഥാപിച്ചിരുന്നു. ഈ സ്പീക്കറാണ് സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്‍റെ തന്നെ സഹപ്രവര്‍ത്തകന് അയച്ചുകൊടുത്തത്. ഉടന്‍ തന്നെ അദേഹം ദമ്പതിമാരെ വിളിച്ച് ആമസോണ്‍ എക്കോ ഓഫ് ആക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
പിന്നാലെ ദമ്പതികള്‍ സംഭവം ആമസോണ്‍ അധികൃതരെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ സംഭവം അത്യപൂര്‍വമായ സംഭവമാണെന്നും ആമസോണ്‍ പറഞ്ഞു. ദമ്പതിമാരുടെ സംഭാഷണം എക്കോ സ്പീക്കറിലെ അലെക്‌സ സ്മാര്‍ട് അസിസ്റ്റന്‍റ് സംവിധാനം നിര്‍ദേശങ്ങളായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും കമ്പനി പറയുന്നു.
ആമസോണ്‍ എക്കോ ശബ്ദനിര്‍ദേശങ്ങള്‍ കേള്‍ക്കണമെങ്കില്‍ അലക്‌സെ എന്ന് വിളിച്ച് സ്പീക്കറിനെ ആക്ടീവ് ആക്കേണ്ടതുണ്ട്. ദമ്പതിമാരുടെ സംസാരത്തിനിടയില്‍ ഇത്തരത്തില്‍ സമാനമായ വാക്ക് ഉപയോഗിച്ചതാവാം പിഴവു പറ്റിയതെന്നും ആമസോണ്‍ പറയുന്നു.