ദില്ലി: ഇന്ത്യക്കാരന്‍റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത് ആപ്പ് സെനോസിസ് ഏറ്റെടുത്ത് ഗൂഗിള്‍. വാഷിങ്ടണ്‍ സർവകലാശാലയിലെ പ്രഫസര്‍ ശ്വേതക് പട്ടേൽ സ്ഥാപകനായ സ്റ്റാർട്ടപ്പ് സംരംഭത്തിന് കീഴിൽ വികസിപ്പിച്ച ആപ് ആണ് ഗൂഗിള്‍ മാതൃകമ്പനി അല്‍ഫബെറ്റ് വിലക്ക് വാങ്ങിയത്. സ്മാർട് ഫോൺ ആരോഗ്യ പരിശോധനക്ക് ഉപയോഗിക്കാവുന്ന ഉപകരണമാക്കി മാറ്റുന്ന തരത്തിലുള്ള ആപ്പാണിത്.
സ്മാർട്ഫോൺ ആക്സിലറോമീറ്റർ, മൈക്രോഫോൺ, ഫ്ലാഷ്, ക്യാമറ എന്നിവയാക്കി ഉപയോഗിക്കാവുന്ന രീതിയിലാണ് വികസിപ്പിച്ചത്. ഇതിനായി ഒരുക്കിയ സെനോസിസ് ആപ് ഉപയോഗിച്ച് ശ്വാസകോശ പ്രവർത്തനം വിലയിരുത്താൻ കഴിയും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എന്നിവയും നിർണയിക്കാൻ കഴിയുമെന്നുമാണ് റിപ്പോർട്ടുകൾ. ഫോണിൻ്റെ ഫ്ലാഷ് ഉപയോഗിക്കുന്നയാളുടെ വിരലിലേക്ക് പതിപ്പിച്ച് ഹിമോഗ്ലോബിന്റെ അളവ് പരിശോധിക്കുന്നതടക്കമുള്ള രീതികളാണ് ഇതിൽ അടങ്ങിയിരിക്കുന്നതെന്നാണ് സൂചനകൾ.
പട്ടേൽ നേരത്തെ തയാറാക്കിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ബെൽക്കിൻ ഇന്‍റർനാഷനൽ, സിയേഴ്സ് തുടങ്ങിയ കമ്പനികളുടെ കൈകളിലാണ് എത്തിയത്.
വാഷിങ്ടൺ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പ്രഫസറായ പട്ടേൽ മറ്റ് നാല് പേർക്കൊപ്പമാണ് കമ്പനി തുടങ്ങിയത്. വാഷിങ്ടൺ സർവകലാശാല വെബ്സൈറ്റ് പ്രകാരം 2010ൽ ഇദ്ദേഹം വികസിപ്പിച്ച എനർജി മോണിറ്ററിങ് സൊലൂഷൻ ബെൽക്കിൻ കമ്പനി സ്വന്തമാക്കി.
ലോ പവർ വയർലെസ് സെൻസർ പ്ലാറ്റ്ഫോം കമ്പനിയുണ്ടാക്കിയ ഇദ്ദേഹം വാലി ഹോം എന്ന ഉൽപ്പന്നം വികസിപ്പിച്ചു. ഇത് 2015ൽ സിയേഴ്സ് സ്വന്തമാക്കി. ന്യൂയോർക്ക് ടൈംസിന്റെ ടെക്നോളജി അവാർഡ് ഉൾപ്പെടെയുള്ളവ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.