ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍ക്ക് നല്‍കിയത് കമ്പനിയിലെ ഉന്നതനോ? മറുപടിയുമായി സ്റ്റാര്‍ ഹെല്‍ത്ത്, വീണ്ടും പുലിവാല്‍ പിടിച്ച് ടെലഗ്രാം
ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ ഡാറ്റാ ലീക്ക് സംഭവമായിരിക്കുകയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സിലെ 3.1 കോടി ഉപഭോക്താക്കളുടെ വിവര ചോര്‍ച്ച. ടെലഗ്രാം ചാറ്റ്ബോട്ടുകളും വെബ്‌സൈറ്റും വഴി ഹാക്കര്‍ പുറത്തുവിട്ട നിര്‍ണായക വ്യക്തിവിവരങ്ങളെ കുറിച്ച് സ്റ്റാര്‍ ഹെല്‍ത്ത് സ്വതന്ത്രമായ അന്വേഷണം നടത്തുന്നുണ്ട്. കള്ളന്‍ കപ്പലില്‍ തന്നെയോ, അല്ലെങ്കില്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ മറ്റാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് എല്ലാ അന്വേഷണങ്ങളുടെയും പ്രധാന ലക്ഷ്യം.
കമ്പനിക്കെതിരെ ഹാക്കര്‍
xenZen എന്ന് സ്വയം പേരിട്ടിരിക്കുന്ന ഹാക്കറാണ് ടെലഗ്രാമിലൂടെയും വെബ്‌സൈറ്റിലൂടെയും 3.1 കോടി ഇന്ത്യക്കാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ട് ടെലഗ്രാം ചാറ്റ്ബോട്ടുകളിലൂടെയായിരുന്നു ലീക്കായ വിവരങ്ങള്‍ ലഭ്യമായിരുന്നത്. ഒരു ചാറ്റ്ബോട്ടില്‍ പിഡിഎഫ് ഫയലായും മറ്റൊന്നില്‍ സാംപിള്‍ വിവരങ്ങളായും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുത്തവരുടെ പേര്, പോളിസി നമ്പര്‍, ഫോണ്‍ നമ്പര്‍, പാന്‍ വിവരങ്ങള്‍, ക്ലെയിം ചരിത്രം എന്നിവ xenZen പരസ്യപ്പെടുത്തി. സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറാണ് വളരെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയത് എന്നാണ് ഹാക്കറായ xenZen അവകാശപ്പെടുന്നത്.
'വിവര ചോര്‍ച്ചയിലെ പ്രതി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സ് കമ്പനി തന്നെയാണ്. 28,000 അമേരിക്കന്‍ ഡോളറിനാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ അദേഹം പിന്നീട് 150,000 ഡോളര്‍ ആവശ്യപ്പെട്ടു. ഇതാണ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പ്രേരിപ്പിച്ചത്'- എന്നുമാണ് ഹാക്കറായ xenZenന്‍റെ അവകാശവാദം.
മറുപടിയുമായി സ്റ്റാര്‍ ഹെല്‍ത്ത്
3.1 കോടി ഉപഭോക്താക്കളുടെ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ ലീക്കായതിനെ കുറിച്ച് xenZenന്‍റെ വാദങ്ങള്‍ സ്റ്റാര്‍ ഹെല്‍ത്തിന് വലിയ തലവേദനയായിരിക്കുകയാണ്. കമ്പനിയിലെ ഉന്നതന്‍ തന്നെയാണ് ഈ വിവര ചോര്‍ച്ചയ്ക്ക് പിന്നില്‍ എന്ന ഹാക്കറുടെ പ്രസ്താവനയാണ് ഇതിന് കാരണം. ഇതോടെ സ്വകാര്യ സൈബര്‍ ഫോറന്‍സിക് വിദഗ്ധരെ അന്വേഷണം സ്റ്റാര്‍ ഹെല്‍ത്ത് ഏല്‍പിച്ചു. 'ആരോപണവിധേയന്‍ അന്വേഷണവുമായി സഹകരിക്കുന്നതായും അദേഹം കുറ്റക്കാരനാണെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല'- എന്നും സ്റ്റാര്‍ ഹെല്‍ത്ത് അധികൃതര്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നിഗൂഢ ലക്ഷ്യങ്ങളോടെയുള്ള സെബര്‍ അറ്റാക്കിന്‍റെ ഇരകളാണ് സ്റ്റാര്‍ ഹെല്‍ത്ത് എന്നും കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
വീണ്ടും ആരോപണങ്ങളില്‍ ടെലഗ്രാം
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ ചോര്‍ന്നതായി സെപ്റ്റംബര്‍ 20ന് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് റേയിട്ടേഴ്‌സായിരുന്നു. ഇതിന് പിന്നാലെ ഹാക്കര്‍ക്കും ടെലഗ്രാമിനുമെതിരെ സ്റ്റാര്‍ ഹെല്‍ത്ത് നിയമനടപടി ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനോട് ടെലഗ്രാം പ്രതികരിച്ചിട്ടില്ല. ലോകവ്യാപകമായി ടെലഗ്രാമിലെ സുരക്ഷയെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ചര്‍ച്ചകളും നിയമനടപടികളും നടക്കവേയാണ് സ്റ്റാര്‍ ഹെര്‍ത്ത് ഇന്‍ഷൂറന്‍സ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുന്നത്. ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ചാറ്റബോട്ടിനെ ആപ്പില്‍ നിന്ന് നീക്കം ചെയ്തതായി ടെലഗ്രാം വ്യക്തമാക്കി. വളരെ സെന്‍സിറ്റീവായ ഡാറ്റകള്‍ ചോര്‍ന്നിട്ടില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത് എന്ന് സ്റ്റാര്‍ ഹെല്‍ത്ത് നേരത്തെ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം