നാല് ദിവസത്തെ സൗജന്യ ഡാറ്റയും കോളും പ്രഖ്യാപിച്ച് എയര്‍ടെല്‍; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അശ്വാസം

By Web Team  |  First Published Aug 25, 2024, 11:23 AM IST

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്‍, മേഘാലയ എന്നിവ കനത്ത മഴക്കെടുതിയാണ് അഭിമുഖീകരിക്കുന്നത്


കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല് ദിവസത്തെ സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ഭാരതി എയര്‍‌ടെല്‍. കനത്ത മഴ കാരണമാണ് എയര്‍ടെല്‍ സൗജന്യ നെറ്റ്‌വര്‍ക്ക് സേവനം ഒരുക്കിയിരിക്കുന്നത്. എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഈ ഓഫറിന്‍റെ പ്രയോജനം ലഭിക്കില്ല എന്ന് ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു.  

നാല് ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം പരിധിയില്ലാത്ത ഫോണ്‍ കോളും എയര്‍ടെല്‍ നല്‍കുന്നു. എന്നാല്‍ വാലിഡിറ്റി അവസാനിക്കുകയും ഇപ്പോള്‍ മഴക്കെടുതി മൂലം റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

Latest Videos

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്‍, മേഘാലയ എന്നിവ കനത്ത മഴക്കെടുതിയാണ് അഭിമുഖീകരിക്കുന്നത്. സുരക്ഷയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങള്‍ക്ക് കമ്മ്യൂണിക്കേഷന്‍ മാര്‍ഗം നിലനിര്‍ത്താന്‍ വേണ്ടിയാണ് എയര്‍ടെല്ലിന്‍റെ നീക്കം. ഇതിനൊപ്പം പോസ്റ്റ്പെയ്‌ഡ് യൂസര്‍മാര്‍ക്ക് ബില്‍ അടയ്ക്കാനുള്ള സമയം 30 ദിവസം നീട്ടിനല്‍കിയിട്ടുമുണ്ട്. മറ്റ് നെറ്റ്‌വര്‍ക്കുകളിലുള്ളവര്‍ക്ക് ആക്‌സസ് ലഭിക്കുന്ന രീതിക്ക് ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് ഭാരതി എയര്‍ടെല്‍ ത്രിപുരയില്‍ നടപ്പാക്കിയിട്ടുണ്ട്. 

വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ശേഷവും സമാനമായി മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ സൗജന്യ സേവനം നല്‍കിയിരുന്നു. പ്രദേശത്തെ നെറ്റ്‌വര്‍ക്ക് ഉറപ്പിക്കാന്‍ വലിയ പ്രയത്നമാണ് വിവിധ കമ്പനികള്‍ അന്ന് നടത്തിയത്. സൗജന്യ ഫോണും പുതിയ സിമ്മും ഇതിനൊപ്പം വിതരണം ചെയ്‌തിരുന്നു. 

Read more: ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!