കാബൂള്‍: വാട്ട്സ്ആപ്പ് അടക്കമുള്ള സന്ദേശ കൈമാറ്റ ആപ്പുകളെ നിരോധിക്കാന്‍ അഫ്ഗാനിസ്ഥാന്‍ തീരുമാനിച്ചു. താല്‍ക്കാലികമായിരിക്കും ഈ നീക്കം എന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പിന് പുറമേ ടെലഗ്രാം ആപ്പിന്‍റെ സംവിധാനങ്ങളും സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.
വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവയുടെ നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള നടപടിയായാണെന്ന് വിമർശനം ഉയരുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം അഫ്ഗാനിസ്താന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. സ്വതന്ത്ര്യമായ ആശയവിനിമയത്തിനുള്ള ഉപാധികളാണ് വാട്‌സ്ആപ്പും ടെലഗ്രാമും. നാളെ മാധ്യമങ്ങള്‍ക്കെതിരേയും ഇത്തരം നീക്കങ്ങളുമായി സര്‍ക്കാര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് ഈ നിരോധനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടികാണിക്കുന്നു.
പോരാളികള്‍ വാട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള മെസഞ്ചര്‍ സംവിധാനം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ദേശീയ സുരക്ഷാ മന്ത്രാലയത്തില്‍ നിന്നാണ് വിലക്കിനുള്ള നിര്‍ദ്ദേശം വന്നത്. 20 ദിവസത്തേക്കാണ് വിലക്കണമെന്നാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.
മെസ്സേജ് അയയ്ക്കാനുള്ള സംവിധാനം മാത്രമാണ് വാട്‌സ് ആപ്പും ടെലഗ്രാമും. അതിന് വിലക്കേര്‍പ്പെടുത്തുന്നത് ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമാകില്ല. കൂടുതല്‍ മെച്ചപ്പെട്ട മെസ്സേജ് സൗകര്യം കൊണ്ടു വരുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം വക്താവ് അറിയിച്ചു.