ദില്ലി:ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുണിക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് യുഐഡിഎഐ അറിയിച്ചു. അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ വാദിക്കുന്ന ആധാര്‍ വിവരങ്ങള്‍ വെറും 500 രൂപ കൊടുത്ത് ആര്‍ക്കും വാങ്ങാവുന്ന സ്ഥിതിയിലാണെന്ന് 'ദ ട്രിബ്യൂണ്‍' വാര്‍ത്താസംഘമാണ് അന്വേഷണ റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്.
ഓണ്‍ലൈന്‍ വഴിയാണ് രാജ്യത്തെ പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ അടങ്ങിയ ആധാര്‍ കച്ചവടം നടക്കുന്നത്. രാജ്യത്ത് ഇന്നുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള നൂറു കോടിയോളം പേരുടെ വിവരങ്ങളാണ് വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട ഏജന്റ്, പേടിഎം വഴി 500 രൂപ ഇടാക്കി നല്‍കിയത്. 300 രൂപ കൂടി കൊടുത്തപ്പോള്‍ ആരുടെയും ആധാര്‍ കാര്‍ഡ് അച്ചടിക്കാനുള്ള സോഫ്റ്റ്‍വെയറും ഇവര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കി.
പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ പക്കല്‍ സുരക്ഷിതമാണെന്ന് ഇക്കഴിഞ്ഞ നവംബറിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, വിരലടയാളങ്ങളും കണ്ണുകളുടെ ചിത്രങ്ങളും എന്നുവേണ്ട മൊബൈല്‍ നമ്പറും പാന്‍കാര്‍ഡും അടക്കം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സകല വിവരങ്ങളും ഓണ്‍ലൈനായി വില്‍ക്കപ്പെടുന്നുവെന്നാണ് ട്രിബ്യൂണിന്റെ അന്വേഷണം തെളിയിച്ചത്.