മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് മാത്രമല്ല, ഇലക്ട്രോണിക്സ് രംഗത്താകെ ഇന്ത്യന്‍ കുതിപ്പ്, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ മൂല്യം 1,90,366 കോടി രൂപയില്‍ നിന്ന് 9,52,000 കോടി രൂപയിലേക്ക് ഉയര്‍ന്നു
ദില്ലി: മൊബൈല്‍ വിപണിയില്‍ മാത്രമല്ല, നിര്‍മാണരംഗത്തും ഇന്ത്യന്‍ വീരഗാഥ. ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന 99.2 ശതമാനം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും ആഭ്യന്തരമായി നിര്‍മിക്കുന്നവയാണ് എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ പാര്‍ലമെന്‍റിനെ അറിയിച്ചു.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന 99.2 ശതമാനം ഫോണുകളും ഇവിടെ തന്നെ നിര്‍മിച്ചവയാണ്. ഇതിനൊപ്പം രാജ്യത്തെ ആകെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണ മൂല്യത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് നിര്‍മിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണി മൂല്യം 2014-15 സാമ്പത്തിക വര്‍ഷം 1,90,366 കോടി രൂപയായിരുന്നുവെങ്കില്‍ 2023-24 സാമ്പത്തിക വര്‍ഷം ഇത് 9,52,000 കോടി രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഓരോ വര്‍ഷവും 17 ശതമാനത്തിലധികമാണ് രാജ്യത്തെ ഇലക്ടോണിക്സ് ഉപകരണ നിര്‍മാണ രംഗത്തുണ്ടായ സാമ്പത്തിക വളര്‍ച്ച എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
undefined
ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ വലിയ ഇറക്കുമതി രാജ്യം എന്ന നിലയില്‍ നിന്ന് പ്രമുഖ കയറ്റുമതി രാജ്യത്തിലേക്ക് ഇന്ത്യ വളര്‍ന്നിരിക്കുകയാണ്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ 74 ശതമാനം മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്യപ്പെട്ടവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 99.2 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയായി. ഇലക്ട്രോണിക്സ് നിര്‍മാണ രംഗത്ത് ഇന്ത്യ കരുത്തറിയിക്കുന്നതിന്‍റെ തെളിവാണിത്. നേരിട്ടും അല്ലാതെയും 25 ലക്ഷം ജോലികളാണ് ഇലക്ടോണിക്സ് രംഗം രാജ്യത്ത് സൃഷ്ടിച്ചത്. ഇതില്‍ വിവിധ സര്‍ക്കാര്‍ ഉദ്യമങ്ങളും ഉള്‍പ്പെടും. സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് 76,000 കോടി രൂപ നിക്ഷേപത്തില്‍ സെമിക്കോണ്‍ ഇന്ത്യ പദ്ധതിക്ക് കേന്ദ്രം തുടക്കമിട്ടിരുന്നു. അതേസമയം ഇലക്ട്രോണിക് നിര്‍മാണ രംഗത്ത് വലിയ വെല്ലുവിളികളും ഇന്ത്യക്കുണ്ട്.
Read more: വമ്പന്‍ സര്‍പ്രൈസ്! വണ്‍പ്ലസ് 13ആറിന് 6000 എംഎഎച്ച് ബാറ്ററി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം