മൈക്ക് ടൈസനെ ജേക്ക് പോള്‍ ഇടിച്ചിട്ടത് കണ്ടത് ആറ് കോടി പേര്‍; സ്ട്രീമിംഗില്‍ റെക്കോര്‍ഡിട്ട് നെറ്റ്‌ഫ്ലിക്‌സ്

By Web Team  |  First Published Nov 17, 2024, 1:06 PM IST

അമാണ്ട സെരാനോ- കേറ്റീ ടെയ്‌ലര്‍ വനിത ബോക്‌സിംഗും സ്ട്രീമിംഗില്‍ റെക്കോര്‍ഡുകള്‍ തിരുത്തി 


ഡാളസ്: ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസനുമായി മുന്‍ യൂട്യൂബര്‍ ജേക്ക് പോള്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ സ്ട്രീമിംഗ് തകരാറുകള്‍ക്കിടയിലും കാഴ്‌ചക്കാരുടെ എണ്ണത്തില്‍ ചരിത്രമെഴുതി നെറ്റ്‌ഫ്ലിക്സ്. 60 മില്യണ്‍ അഥവാ ആറ് കോടി കാഴ്‌ചക്കാര്‍ ടൈസന്‍-ജേക്ക് പോരാട്ടം സ്ട്രീമിംഗ് വഴി തത്സമയം കണ്ടു എന്നാണ് കണക്ക്. ഇതിലേറെയും കാഴ്‌ചക്കാര്‍ അമേരിക്കയിലായിരുന്നു. സ്ട്രീമിംഗില്‍ പ്രശ്‌നങ്ങളുള്ളതായി ഒരുലക്ഷത്തോളം പേര്‍ ഡൗണ്‍ഡിറ്റെക്‌ടറില്‍ പരാതി രജിസ്റ്റര്‍ ചെയ്‌ത പരിപാടിയാണ് ഈ റെക്കോര്‍ഡിട്ടത് എന്നതാണ് കൗതുകകരം.  

വീഡിയോ ബഫറിംഗ്, ഫ്രീസിംഗ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഏറെ പരാതികള്‍ ഉയര്‍ന്നെങ്കിലും മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ബോക്‌സിംഗ് പോരാട്ടം നെറ്റ്‌ഫ്ലിക്‌സിന് സമ്മാനിച്ചത് വമ്പന്‍ കണക്കുകള്‍. സ്ട്രീമിംഗ് തകരാറുകള്‍ക്കിടെയും ലോകം കാത്തിരുന്ന പോരാട്ടം നെറ്റ്‌ഫ്ലിക്‌സിലൂടെ ആറ് കോടിയോളം പേര്‍ കണ്ടു. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ലൈവ് ഇവന്‍റുകളിലൊന്നായി മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ബോക്‌സിംഗ് പോരാട്ടം മാറി. ഇതിനൊപ്പം തന്നെ അരങ്ങേറിയ വനിതാ വിഭാഗത്തിലെ അമാണ്ട സെരാനോ- കേറ്റീ ടെയ്‌ലര്‍ ബോക്‌സിംഗ് അഞ്ച് കോടി കാഴ്ചക്കാരെയും നെറ്റ്‌ഫ്ലിക്‌സില്‍ ആകര്‍ഷിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വനിതാ പ്രൊഫഷണല്‍ കായിക ഇവന്‍റ് ഇതാകാനാണ് സാധ്യത. 

Latest Videos

undefined

പ്രചാരണത്തിന്‍റെ ഭാഗമായി അമേരിക്കയില്‍ 6,000ത്തിലധികം ബാറുകളിലും റസ്റ്റോറന്‍റുകളിലും മൈക്ക് ടൈസന്‍- ജേക്ക് പോള്‍, അമാണ്ട സെരാനോ- കേറ്റീ ടെയ്‌ലര്‍ പോരാട്ടങ്ങള്‍ നെറ്റ്‌ഫ്ലിക്‌സ് തത്സമയം സംപ്രേഷണം ചെയ്തു.   

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സിംഗ് പോരാട്ടമെന്ന് വിശേഷിപ്പിച്ചിരുന്ന മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടെ മൈക്ക് ടൈസനെ ജേക്ക് പോള്‍ ഇടിച്ചുതോല്‍പിച്ചു. ടെക്‌സസിലെ ഡാളസിലുള്ള എടി ആന്‍ഡ് ടി സ്റ്റേഡിയമാണ് പോരാട്ടത്തിന് വേദിയായത്. മൈക്ക് ടൈസന്‍ മുന്‍ ലോക ഹെവി‌വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനാണെങ്കില്‍ ജേക്ക് പോള്‍ യൂട്യൂബറില്‍ നിന്ന് ബോക്സറായ ആളാണ്. 58-ാം വയസില്‍ റിംഗിലേക്കുള്ള മടങ്ങിവരവാണ് ടൈസന് ഇതെങ്കില്‍ ജേക്കിന് 27 വയസ് മാത്രമേ പ്രായമുള്ളൂ. അങ്കം ജയിച്ച ജേക്ക് പോളിന് 40 മില്യണ്‍ ഡോളര്‍(ഏകദേശം 338 കോടി രൂപ) സമ്മാനമായി ലഭിച്ചപ്പോള്‍ ടൈസന് 20 മില്യണ്‍ ഡോളര്‍(ഏകദേശം 169 കോടി രൂപ) പ്രതിഫലമായി കിട്ടി.  

Read more: മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ഇടിക്കിടെ സ്ട്രീമിംഗ് 'അടിച്ചുപോയി'; നാണംകെട്ട് നെറ്റ്‌ഫ്ലിക്‌സ്, രൂക്ഷ പരിഹാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!