5ജി ഇന്ത്യക്കാരുടെ തലവര മാറ്റുന്നു; കോള്‍ ഡ്രോപ്പ് കുറഞ്ഞതായി സർവേ, ഇന്‍റർനെറ്റ് വേഗം കൂടി

By Web Team  |  First Published Oct 15, 2024, 11:43 AM IST

5ജി ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേർക്കും കോള്‍ ഡ്രോപ്പില്‍ കുറവ് വന്നതായും ഡാറ്റാ വേഗം കൂടിയതായും അനുഭവം 


ദില്ലി: രാജ്യത്തെ ടെലികോം രംഗത്ത് 5ജി വിപ്ലവം പുരോഗമിക്കുകയാണ്. റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികളാണ് 5ജി നെറ്റ്‍വർക്ക് വിന്യസിച്ചിട്ടുള്ളത്. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ 4ജി വിന്യാസം പൂർത്തിയാകുന്ന മുറയ്ക്ക് 5ജിയിലേക്ക് കടക്കും. 5ജി പരീക്ഷണം ഇതിനകം ബിഎസ്എന്‍എല്‍ വിജയകരമാക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 5ജി കൂടെ എത്താനിരിക്കേ സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നു. 

5ജി ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേർക്കും കോള്‍ ഡ്രോപ്പ് പ്രശ്നത്തില്‍ കുറവ് വന്നതായാണ് അനുഭവമെന്ന് ലോക്കല്‍സർക്കിളിന്‍റെ സർവേ പറയുന്നതായി ബിസിനസ് സ്റ്റാന്‍ഡേർഡ് റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം ഇവർക്ക് ഡാറ്റാ സ്പീഡ് വർധിച്ചെന്നും സർവെ ഫലം പറയുന്നു. കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അകാരണമായി വിച്ഛേദിക്കുന്നതിനെയാണ് കോള്‍ ഡ്രോപ്പ് എന്ന് പറയുന്നത്.

Latest Videos

കോള്‍ ഡ്രോപ്പ് പ്രശ്നം കുറഞ്ഞതായി 5ജിയിലേക്ക് ചേക്കേറിയ 53 ശതമാനം സ്മാർട്ട്ഫോണ്‍ യൂസർമാരും സർവെയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോള്‍ ഡ്രോപ്പില്‍ യാതൊരു കുറവും അനുഭവപ്പെട്ടില്ലായെന്ന് 30 ശതമാനം പേർ പറയുന്നു. സാഹചര്യം മോശമാവുകയാണ് ചെയ്തതെന്ന് 9 ശതമാനം പേർ അഭിപ്രായപ്പെട്ടു. കോള്‍ ഡ്രോപ്പ് പ്രശ്നം വളരെ വഷളായി എന്ന് അഭിപ്രായപ്പെട്ട 5 ശതമാനം പേരും സർവേയിലുണ്ട്. 3ജിയും 4ജിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ഇന്‍റർനെറ്റ് വേഗം കൂടിയതായി 5ജിയിലേക്ക് ചേക്കേറിയ 60 ശതമാനം പേരും വ്യക്തമാക്കി. 

361 ജില്ലകളിലെ 47,000ത്തിലേറെ സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കളെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത് എന്ന് ലോക്കല്‍സർക്കിള്‍ അവകാശപ്പെടുന്നു. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കിയവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. 2024 ഓഗസ്റ്റ് അഞ്ചിനും ഒക്ടോബർ 10നും മധ്യേയാണ് സർവേ നടത്തിയത്. 

Read more: 6ജി സാങ്കേതികവിദ്യയില്‍ ഇന്ത്യന്‍ കരുത്ത്; പേറ്റന്‍റ് സമർപ്പണങ്ങളില്‍ ലോകത്തെ ആദ്യ ആറില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!