പേടിഎം പോലുള്ള സ്വകാര്യ പണമിടപാട് ബദലായി സര്‍ക്കാര്‍ കൊണ്ടുവന്ന ഭീം ആപ്പിനെ കുറിച്ച് നിരവധി പരാതികൾ. ഫ്രീ ആപ്പ് എന്ന് പറയുന്നുണ്ടെങ്കിലും ഭീം ഡൗൺലോഡ് ചെയ്യുന്നവരുടെ മൊബൈൽ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നുണ്ടെന്നാണ് ഒരു ആരോപണം. പണം ഈടാക്കുന്നുവെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തി.
ഫ്രീ ആപ്പ് ഭീം ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നു 1 രൂപ 50 പൈസ ഈടാക്കുന്നുണ്ട്. പണം ഈടാക്കിയതായി കാണിച്ച് ടെലികോം കമ്പനികളിൽ നിന്നുള്ള സന്ദേശവും ലഭിക്കുന്നുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു വെരിഫിക്കേഷൻ കോഡ് ലഭിക്കും. തൊട്ടു പിന്നാലെ മൊബൈൽ ബാലൻസിൽ നിന്ന് 1.50 രൂപ ഈടാക്കിയതായും നോട്ടിഫിക്കേഷൻ വരും. എസ്എംഎസ് ചിലവ് എന്നാണ് കാണിക്കുന്നത്.
undefined
എന്നാൽ മൊബൈൽ നമ്പർ വെരിഫൈ ചെയ്താലും മിക്കവർക്കും ബാങ്ക് അക്കൗണ്ടുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല. ഒരു സർക്കാർ ആപ്പില്‍ നിന്നു ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്നാണ് പരാതിക്കാർ പറയുന്നത്. പ്രമുഖ ഇ–പെയ്മെന്റ് ആപ്പുകളേക്കാൾ എത്രയോ പിന്നിലാണ് ഭീം ആപ്പെന്നും ആക്ഷേപമുണ്ട്.
ഉപഭോക്താക്കൾ കൂടിയതോടെ ആപ്പ് വഴിയുള്ള ഇടപാടുകൾ മുടങ്ങുന്നത് പതിവായിട്ടുണ്ട്. പുറത്തിറങ്ങി മൂന്നു ദിവസത്തിനിടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഭീം ഒന്നാം സ്ഥാനത്തു എത്തിയെങ്കിലും പരാതികൾക്ക് ഒരു കുറവുമില്ല.
അതേസമയം, സ്വകാര്യ ബാങ്കുകളെല്ലാം ഭീം ആപ്പുമായി യോജിച്ച് പ്രവർത്തിക്കാൻ മുന്നോട്ടു വന്നെങ്കിലും പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകൾ വെരിഫൈ ചെയ്യാനാകാതെ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ ടോപ്പ് ലിസ്റ്റിലാണ് ഇപ്പോഴും ഭീം ആപ്പ്. അമ്പത് ലക്ഷം പേരാണ് ഭീം ആപ്പ് 5 ദിവസത്തില്‍ ഡൗണ്‍ലോഡ് ചെയ്തത്.