കെയ്റോ: നൂറ്റാണ്ടുകൾക്കു മുന്പേ മനുഷ്യൻ തങ്ങളുടെ ശരീരത്തെക്കുറിച്ചും അതിന്റെ ഫിറ്റ്നസിനെക്കുറിച്ചും ബോധവാന്മാരാണെന്ന് തെളിയിക്കുകയാണ് ഈജിപ്തിൽ ഈയിടെ കണ്ടെത്തിയ ഒരു ജിംനേഷ്യം. കെയ്റോ നഗരത്തിന് 50 മൈൽ അകലെയാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടു എന്നു കരുതുന്ന ഈ ജിംനേഷ്യം കണ്ടെത്തിയത്.
ടോളമി രണ്ടാമൻ രാജാവിന്റെ കാലത്ത് നഗരത്തിലെ സന്പന്നരായ യുവാക്കൾക്ക് ഒത്തുകൂടാനുള്ള സ്ഥലമായിരുന്നു ഇത്. കായികക്ഷമതയെക്കുറിച്ചുള്ള ക്ലാസുകൾക്കു പുറമേ ഗ്രീക്ക് ഭാഷയെക്കുറിച്ചുള്ള ക്ലാസുകളും ഇവിടെ നടന്നിരുന്നു. ചുറ്റും പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള വലിയ ഹാളും അടുക്കളയും റേസിംഗ് ട്രാക്കുകളും അടങ്ങുന്നതാണ് ഈ പഴയ ജിംനേഷ്യം. പുരാതന ഈജിപ്തിലെ ജീവിതരീതികളിലേക്ക് വെളിച്ചം വീശാൻ ഈ ജിം പഠനത്തിലൂടെ കഴിയുമെന്നാണ് ഗവേഷകരുടെ വിശ്വാസം.