അന്‍റാര്‍ട്ടിക്കയില്‍ ഇനി സഞ്ചാരികള്‍ ഏകാകികളല്ല, സ്റ്റാര്‍ലിങ്ക് എത്തി, 8കെ വീഡിയോ കാണാമെന്ന് മസ്ക്

By Web Desk  |  First Published Jan 4, 2025, 11:57 AM IST

അന്‍റാര്‍ട്ടിക്കയില്‍ 173 എംബിപിഎസ് ഇന്‍റര്‍നെറ്റ് വേഗമെന്ന് സഞ്ചാരിയുടെ ട്വീറ്റ്, സ്റ്റാര്‍ലിങ്ക് വഴി 8കെ ലൈവ് വീഡിയോ കാണൂ എന്ന് മസ്‌ക്


അന്‍റാര്‍ട്ടിക്ക: കൊടുമുടികളും താഴ്‌വാരങ്ങളും മരുഭൂമികളും കീഴടക്കി വ്യാപിക്കുകയാണ് ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖല. ആല്‍പ്സ് പര്‍വതനിരകളില്‍ പോലുമെത്തിയ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഇപ്പോള്‍ ഭൂമിയിലെ തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്‍റാര്‍ട്ടിക്കയിലും ലഭ്യമാണ്. അന്‍റാര്‍ട്ടിക്കയില്‍ നിന്ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റിന്‍റെ വേഗത പരിശോധിച്ച സഞ്ചാരിയോട് നിങ്ങള്‍ 8കെ ലൈവ് വീഡിയോകള്‍ കണ്ട് ആസ്വദിക്കൂ എന്നാണ് മസ്‌കിന്‍റെ നിര്‍ദേശം. 

ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്‍റാര്‍ട്ടിക്കയില്‍ പരിമിതമായ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ഇതിനെയെല്ലാം മാറ്റിമറിക്കുകയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്‌സ് ബഹിരാകാശ കമ്പനി സ്ഥാപിച്ച ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക്. അന്‍റാര്‍ട്ടിക്കയിലെത്തിയ സഞ്ചാരികളിലൊരാള്‍ തണുത്തുറഞ്ഞ ഭൂഖണ്ഡത്തിലെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് വേഗതയുടെ വിവരം എക്‌സില്‍ പങ്കുവെച്ചു. 173 എംബിപിഎസ് വേഗവും 92 ലാറ്റെന്‍സിയുമാണ് സ്പീഡ് ടെസ്റ്റില്‍ തെളിഞ്ഞത് എന്നാണ് സ്ക്രീന്‍ഷോട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനോട് രസകരമായിരുന്നു സ്പേസ് എക്‌സ് സിഇഒയായ ഇലോണ്‍ മസ്‌കിന്‍റെ പ്രതികരണം. 8കെ ദൃശ്യമികവോടെ തത്സമയ കായിക വീഡിയോകള്‍ അന്‍റാര്‍ട്ടിക്കയില്‍ വച്ച് കാണാം എന്നാണ് മസ്‌കിന്‍റെ വാക്കുകള്‍. 

You can watch live sports in 8k in Antarctica with https://t.co/QtjoidRoU1

— Elon Musk (@elonmusk)

Latest Videos

Read more: മില്‍ട്ടണ്‍ കൊടുങ്കാറ്റിന് മുമ്പ് മസ്‌ക് മാജിക്; ഫ്ലോറിഡയിലും ഉപഗ്രഹം വഴി മൊബൈല്‍ കണക്റ്റിവിറ്റി

പതിനായിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ഭൂമിയില്‍ നേരിട്ട് ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് തുടങ്ങിയ പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. 2019ലായിരുന്നു ആദ്യ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റിന്‍റെ വിക്ഷേപണം. ഇതുവരെ 7,000ത്തോളം ചെറിയ ഉപഗ്രഹങ്ങള്‍ ഈ നെറ്റ്‌വര്‍ക്കിന്‍റെ ഭാഗമായിക്കഴിഞ്ഞു. 2024 സെപ്റ്റംബര്‍ മാസത്തോടെ 40 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ സ്റ്റാര്‍ലിങ്കിന് ലഭിച്ചു എന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. അതേസമയം സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ കൂട്ടം ബഹിരാകാശത്തെ ട്രാഫിക്ക് അപകടകരമാക്കുമോ എന്ന ആശങ്കയും സജീവമാണ്.

Read more: ഞെട്ടരുത്, ചൊവ്വയിലും ഇന്‍റര്‍നെറ്റ് എത്തും! 'മാര്‍സ്‌ലിങ്ക്' പദ്ധതിയുമായി മസ്‌ക്; വിസ്‌മയ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!