രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ച കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍
ദില്ലി: രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ (ബിഎസ്എന്‍എല്‍) 4ജി വിന്യാസത്തില്‍ പുതിയ അപ്‌ഡേറ്റുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2025 മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിക്കും എന്നാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ വാക്കുകള്‍. തദ്ദേശീയമായ ടെക്നോളജി ഉപയോഗിച്ചാണ് ഇത്രയും 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിക്കുക എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വാക്കുകള്‍ ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ച കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നിവയ്ക്ക് ഇതിനകം 4ജി സാങ്കേതികവിദ്യകളുണ്ട്. ഈ കമ്പനികള്‍ 5ജി വിന്യാസം തുടങ്ങിയിരിക്കേയാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത് പോലും. രാജ്യത്ത് 4ജി വിന്യാസം പൂര്‍ത്തിയാകാന്‍ 2025 മധ്യേ വരെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ കാത്തിരിക്കണം എന്ന സൂചനയാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പങ്കുവെക്കുന്നത്. തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയൊരുക്കിയ കേന്ദ്ര സ്ഥാപനമായ സി-ഡോട്ട് (C-DOT) ബിഎസ്എന്‍എല്‍, ടിസിഎസ്, തേജസ് നെറ്റ്‌വര്‍ക്ക് എന്നിവയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം നടത്തുന്നത് എന്ന് അദേഹം വ്യക്തമാക്കി. സി-ഡോട്ടിന്‍റെ സേവനങ്ങളെ കുറിച്ച് പ്രശംസിക്കാതിരിക്കാനാവില്ലെന്നും നാല് കമ്പനികളും ഒരൊറ്റ ലക്ഷ്യത്തിനായി തീവ്രശ്രമങ്ങളിലാണ് എന്ന് മന്ത്രി പറഞ്ഞു.
1 Lakh ‘’Made in India 4G” towers to be deployed by mid-2025. pic.twitter.com/FKO4qvfN8X
— DoT India (@DoT_India)
ഇതിനകം എത്ര 4ജി സൈറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ബിഎസ്എന്‍എല്ലിനായി എന്ന് വ്യക്തമല്ല. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് പുത്തന്‍ ഉപഭോക്താക്കളുടെ കുത്തൊഴുക്കുണ്ടായിരുന്നു. ഇവരെ പിടിച്ചുനിര്‍ത്താന്‍ എത്രയും വേഗം 4ജി നെറ്റ്‌വര്‍ക്ക് ബിഎസ്എന്‍എല്ലിന് പൂര്‍ത്തീകരിച്ചേ മതിയാകൂ. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത് എന്ന് ജ്യോതിരാദിത്യ സിന്ധ്യ മുമ്പ് വ്യക്തമാക്കിയിരുന്നു.
Read more: മലയാളക്കരയ്ക്ക് ഓണസമ്മാനം; ബിഎസ്എന്‍എല്ലിന് കേരളത്തില്‍ 1000 4ജി ടവറുകളായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം