കേന്ദ്ര ബജറ്റില്‍ കായികമേഖലക്ക് റെക്കോര്‍ഡ് തുക, ഏറ്റവും കൂടുതല്‍ നീക്കിവെച്ചത് ഖേലോ ഇന്ത്യക്ക്

By Gopala krishnan  |  First Published Feb 1, 2023, 4:30 PM IST

ഈ വര്‍ഷം ചൈനയില്‍ ഏഷ്യന്‍ ഗെയിസ് നടക്കുന്നതിനാല്‍ കായികമേഖലക്ക് ഉണര്‍വേകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പാരീസ് ഒളിംപിക്സിലേക്കുള്ള തയാറെടുപ്പുകള്‍ക്കായും കൂടുതല്‍ തുക വിനിയോഗിക്കാനാവും.


ദില്ലി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കായിക മേഖലക്കായി നീക്കിവെച്ചിരിക്കുന്നത് റെക്കോര്‍ഡ് തുക. 3397.32 കോടി രൂപയാണ് കായികമേഖലക്കായി ധനമന്ത്രി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 723.97 കോടി രൂപയുടെ വര്‍ധനയാണ് ഇത്തവണ കായിക ബജറ്റില്‍ വരുത്തിയിരിക്കുന്നത്. 2021-22ലെ കേന്ദ്ര 2757.02 കോടിയും 2022-23 ബജറ്റില്‍ 2,673.35 കോടി രൂപയുമായിരുന്നു കേന്ദ്ര ബജറ്റില്‍ കായിക മേഖലക്കായുള്ള നീക്കിയിരുപ്പെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,062.60 യഥാര്‍ഥത്തില്‍ അനുവദിച്ചിരുന്നു. അതിനാല്‍ ഫലത്തില്‍ 358.5 കോടി രൂപയുടെ വര്‍ധനയാണ് ഇത്തവണ ഉണ്ടാവുക.

ഈ വര്‍ഷം ചൈനയില്‍ ഏഷ്യന്‍ ഗെയിസ് നടക്കുന്നതിനാല്‍ കായികമേഖലക്ക് ഉണര്‍വേകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പാരീസ് ഒളിംപിക്സിലേക്കുള്ള തയാറെടുപ്പുകള്‍ക്കായും കൂടുതല്‍ തുക വിനിയോഗിക്കാനാവും. കേന്ദ്രസര്‍ക്കാരിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ഖേലോ ഇന്ത്യക്കാണ് ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരിത്തിയിരിക്കുന്നത്. 1045 കോടി രൂപയാണ് ഖേലോ ഇന്ത്യക്കായി ബജറ്റിലെ നീക്കിയിരുപ്പ്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കായി(സായ്) 785.52 കോടി രൂപയും ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് 325 കോടിയും നാഷണല്‍ സര്‍വീസ് സ്കീമിന് 325 കോടിയും ദേശീയ കായിക വികസന ഫണ്ടിലേക്ക് 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Latest Videos

undefined

കായിക ഫെഡറേഷനുകള്‍ക്ക് നീക്കിവെച്ച തുകയിലും ഇത്തവണ വര്‍ധനയുണ്ട്. 2021-22ലും 2022-23ലും 280 കോടി രൂപ വീതമായിരുന്നു നീക്കിവെച്ചതെങ്കില്‍ ഇത്തവണ അത് 325 കോടിയായി ഉയര്‍ത്തി. ഇതില്‍ ഏറ്റവും കൂടുതല്‍ വിഹിതം ലഭിക്കുക ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2047ലെ ദര്‍ശനരേഖ മുന്നോട്ടുവെച്ചാണ് ഫുട്ബോള്‍ ഫെഡറേഷന്‍ മുന്നോട്ടുപോകുന്നത്.

സൂര്യോദയത്തില്‍ കിംഗ് കോലിയുടെ സിംഹാ‌സനം തെറിച്ചു; ട്വന്‍റി 20യില്‍ സ്‌കൈക്ക് പുതിയ റെക്കോര്‍ഡ്

ഏഷ്യന്‍ ഗെയിംസും ഒളിംപിക്സ് തയാറെടുപ്പുകളും കണക്കിലെടുത്താണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കായി(സായ്) കൂടുതല്‍ തുക നീക്കിവെച്ചത്.  785.52 കോടിയാണ് സായിക്കായി ഇത്തവണ മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 132.52 കോടി രൂപയുടെ വര്‍ധന.

അതേസമയം, വന്‍വളര്‍ച്ച പ്രതീക്ഷിക്കുന്ന ഇസ്‌പോര്‍ട്സ്(ഇലക്ട്രോണിക് സ്പോര്‍ട്സ്) മേഖലയില്‍ വന്‍ വളര്‍ച്ചും നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കായിക മേഖലക്കായി നീക്കിവെച്ച തുകയില്‍ എത്ര തുക ഈ മേഖലക്ക് ലഭിക്കുമെന്ന് അറിയില്ല. സ്പോര്‍ട്സ് വീഡിയോ ഗെയിമുകള്‍ അടക്കം വന്‍ നിക്ഷേപസാധ്യതയാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, സ്പോര്‍ട്സ് ഉപകരണങ്ങളുടെ ഉയര്‍ന്ന ജിഎസ്‌ടി നിരക്കുകള്‍ കുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാടൊന്നും എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

click me!