ഫേസ്‌ബുക്കില്‍ മലിംഗയുടെയും തിസാര പെരേരയുടെ ഭാര്യമാര്‍ തമ്മിലടിച്ചു; നാണംകെട്ട് ശ്രീലങ്ക

By Web Team  |  First Published Jan 30, 2019, 3:51 PM IST

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടാനിയയുടെ ഫേസ്ബുക് പോസ്റ്റാണ് കളിക്കാരുടെ ഭാര്യമാര്‍ തമ്മിലുള്ള വഴക്കില്‍ കലാശിച്ചത്. ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി ശ്രീലങ്കന്‍ ടീമിലെ ഒരംഗം ശ്രീലങ്കന്‍ കായിക മന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ടാനിയയുടെ ഫേസ്ബുക് പോസ്റ്റ്.


കൊളംബോ: പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പു കുത്തുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന് നാണക്കേടായി ടീമിലെ താരങ്ങളുടെ ഭാര്യമാര്‍ തമ്മില്‍ ഫേസ്ബുക്കിലൂടെയുള്ള കടിപിടി. ലസിത് മലിംഗയുടെ ഭാര്യ ടാനിയ പെരേരയും തിസാര പേരെരയുടെ ഭാര്യ ഷെരാമി പെരേരയുമാണ് ഫേസ്ബുക്കിലൂടെ പരസ്പരം പോര്‍വിളി നടത്തിയത്. ഇതോടെ വിഷയത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടാനിയയുടെ ഫേസ്ബുക് പോസ്റ്റാണ് കളിക്കാരുടെ ഭാര്യമാര്‍ തമ്മിലുള്ള വഴക്കില്‍ കലാശിച്ചത്. ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി ശ്രീലങ്കന്‍ ടീമിലെ ഒരംഗം ശ്രീലങ്കന്‍ കായിക മന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ടാനിയയുടെ ഫേസ്ബുക് പോസ്റ്റ്. ഏത് കളിക്കാരനാണെന്ന് പരാമര്‍ശിച്ചില്ലെങ്കിലും ഒരു പാണ്ടയുടെ ചിത്രം പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

Latest Videos

undefined

ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കുമ്പോള്‍ മുന്‍ ഓസീസ് നായകന്‍ ജോര്‍ജ് ബെയ്‌ലി തിസാര പെരേരയെ വിളിച്ചിരുന്ന പേരാണ് പാണ്ടയെന്ന്. ടാനിയയുടെ പോസ്റ്റിന് മറുപടിയുമായി തിസാര പെരേരയുടെ ഭാര്യ ഷെരാമി പെരേരയും രംഗത്തെത്തി.  ടാനിയയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ഷെരാമി സിംഹത്തിന്റെ തോലിട്ടാല്‍ ചെന്നായ സിംഹമാകില്ലെന്നും തുറന്നടിച്ചു.

ഇതോടെയാണ് പെരേര ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇതോടെ ടാനിയയുടെ പോസ്റ്റ് തന്നെ ലക്ഷ്യമിട്ടാണെന്നും ഇത്തരം നടപടികള്‍ കളിക്കാരെയും ശ്രീലങ്കന്‍ ക്രിക്കറ്റിനെയും പൊതുസമൂഹത്തില്‍ അപഹാസ്യരാക്കുന്നുവെന്നും കാണിച്ച് തിസാര പേരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒക്ക് പരാതി നല്‍കി.

2018ലെ തന്റെ മികച്ച ഏകദിന റെക്കോര്‍ഡും പെരേര പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടീമിലെ സീനിയര്‍ താരങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് ഡ്രസ്സിംഗ് റൂമിലും കളിക്കളത്തിലും യുവതാരങ്ങളെപ്പോലും മോശമായി ബാധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും പെരേര ആവശ്യപ്പെട്ടു.

click me!