വോണ്‍ എന്താണ് പറഞ്ഞത് എന്ന് തനിക്കിതുവരെ മനസിലായിട്ടില്ല. വോണിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുത്താല്‍ ചിലപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടിവരും...
പെര്‍ത്ത്: അഡ്‌ലെയ്‌ഡ് ടെസ്റ്റിലെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ താരം ഷെയ്‌ന്‍ വോണ്‍ രംഗത്തെത്തിയിരുന്നു. ഒരു പത്രത്തിലെഴുതിയ കോളത്തിലായിരുന്നു വോണിന്‍റെ വിമര്‍ശനം. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ശേഷം വോണിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് സ്റ്റാര്‍ക്ക്.
"വോണ്‍ എന്താണ് പറഞ്ഞത് എന്ന് തനിക്കിതുവരെ മനസിലായിട്ടില്ല. വോണിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുത്താല്‍ ചിലപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടിവരും. മുന്‍കാല മികവ് തുടര്‍ന്ന് തന്‍റെ പാതയില്‍ മുന്നോട്ട് പോകാനാണ് ശ്രമം" എന്ന് സ്റ്റാര്‍ക്ക് ഞായറാഴ്‌ച്ച പ്രതികരിച്ചു. നിലവിലെ പ്രകടനത്തില്‍ സംതൃപ്‌തനാണെന്നും ടീമിനായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
നേരത്തെ സ്റ്റാര്‍ക്കിനെ പിന്തുണച്ച് നായകന്‍ ടിം പെയിനും സഹതാരം ആരോണ്‍ ഫിഞ്ചും മുന്‍ നായകന്‍ റിക്കി പോണ്ടിംഗും രംഗത്തെത്തിയിരുന്നു.