ഇമ്മാതിരി ഏറ് ഇനി കാണണമെന്നില്ല; ഓസീസ് ബൗളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ ശകാരം

By Web Team  |  First Published Jan 16, 2019, 12:31 PM IST

ഇങ്ങനെ പന്തെറിയാനാണെങ്കില്‍ ലോകകപ്പിന് പോകേണ്ടെന്ന് ഓസീസ് ബൗളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ ശകാരം. ഓസ്‌ട്രേലിയക്കായാണ് കളിക്കുന്നതെന്ന ഓര്‍മ്മ താരങ്ങള്‍ക്ക് വേണമെന്നും ഹീലി. 


അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡ് ഏകദിനത്തില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഓസീസ് ബൗളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഇയാന്‍ ഹീലി. ഓസ്‌ട്രേലിയക്കായി വലിയ മത്സരങ്ങളിലാണ് കളിക്കുന്നത് എന്ന ഓര്‍മ്മ താരങ്ങള്‍ക്കുണ്ടാവണമെന്നും ഓപ്പണര്‍മാരുടെ മോശം പ്രകടനത്തെയും ഇതിഹാസം ശകാരിച്ചു. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് പേസ് ത്രയത്തിന് വിശ്രമം അനുവദിച്ചാണ് ഓസീസ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നേരിടുന്നത്. 

മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ വെറ്ററന്‍ പേസര്‍ പീറ്റര്‍ സിഡിലിന് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനാവില്ല. ജേ റിച്ചാര്‍ഡ്‌സണ്‍ വളരെയധികം റണ്‍സ് വഴങ്ങുകയും ലെഗ് സൈഡില്‍ അനാവശ്യമായി പന്തെറിയുകയും ചെയ്യുന്നു. ബെഹ്‌റെന്‍ഡോഫും ലെഗില്‍ പന്തെറിയുന്നു. പന്തുകള്‍ക്ക് പലപ്പൊഴും വേഗം നന്നേ കുറവാണ്. അഡ്‌ലെയ്‌ഡില്‍ അവസാന ഓവറുകളില്‍ 130കി.മീയില്‍ താഴെയായിരുന്നു വേഗം. 

Latest Videos

undefined

ഓപ്പണര്‍മാര്‍ പതുക്കെയാണ് തുടങ്ങിയത്. ടോപ് ഓര്‍ഡര്‍ വീണ്ടും തകര്‍ന്നു. ഇക്കാര്യങ്ങള്‍ ശരിയാക്കണം, വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല. ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് ഓസ്‌ട്രേലിയയെന്നും രണ്ടു വര്‍ഷമായി ഏകദിന പരമ്പര ജയിക്കാനായിട്ടില്ലെന്നും ലോകകപ്പിന് മുന്നോടിയായി ഇയാന്‍ ഹീലി പറഞ്ഞു. പാക്കിസ്ഥാനെതിരെ 2017 ജനുവരിയിലായിരുന്നു ഓസ്‌ട്രേലിയ അവസാനമായി ഏകദിന പരമ്പര വിജയിച്ചത്. 

അഡ്‌ലെയ്‌ഡില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിക്കരുത്തില്‍ 298 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ വിരാട് കോലിയുടെ സെഞ്ചുറിയില്‍ (112 പന്തില്‍ 104) ഇന്ത്യ 49.2 ഓവറില്‍ വിജയം സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ (54 പന്തില്‍ 55 ) ഇന്നിങ്‌സും അവസാന ഓവറുകളിലെ കാര്‍ത്തിക് വെടിക്കെട്ടും (14പന്തില്‍ 25) ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 
 

click me!